ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർധിപ്പിച്ചു. ആരോഗ്യമന്ത്രിയുടെ തൈക്കാടുള്ള ഔദ്യോഗിക വസതിയിലും മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അനാസ്ഥയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.
നൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. മന്ത്രി പോകുന്ന ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാൽ ഓരോ സ്ഥലത്തും കൂടുതൽ സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം ആരോഗ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. സംസ്ഥാനതല പ്രതിഷേധത്തിനാണ് വിവിധ പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലടക്കം വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ സംഘടനകൾ സംഘടിപ്പിച്ചിട്ടുള്ളത്.
















