വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തമിഴ്‌നാട് വനിതാ കൗൺസിലറെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ആവഡി ജില്ലയിൽ വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) അംഗമായ വനിതാ കൗൺസിലറെയാണ് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവ് വെട്ടികൊലപ്പെടുത്തിയത്.
യുവതി മറ്റൊരാളുമായി സംസാരിക്കുന്നത് ഭർത്താവായ സ്റ്റീഫൻ രാജിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ തർക്കം ഉണ്ടായത്.
തർക്കത്തെ തുടർന്ന് പ്രകോപിതനായ സ്റ്റീഫൻ രാജ് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് യുവതിയെ ആവർത്തിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു.
സംഭവത്തിന് പിന്നാലെ സ്റ്റീഫൻ രാജ് തിരുനിൻറവൂർ പൊലീസ് സ്റ്റേഷനിൽ എത്തി കൊലപാതകവിവരം സമ്മതിച്ച് കീഴടങ്ങിയിരുന്നു. നിലവിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.