കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന് നീതി കിട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതുവരെ ബിജെപി എൻഡിഎ സമരത്തിന് ഇറങ്ങുമെന്നും സമരം ഏത് രീതിയിൽ വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകും. കോൺഗ്രസ് നേതാക്കൾ യൂറോപ്പിലേക്ക് പോകും. സാധാരണക്കാർക്ക് ആശ്രയിക്കാൻ സർക്കാർ ആശുപത്രി മാത്രമേയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
ബിന്ദുവിൻ്റെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിന്ദുവിന് നീതി ലഭിക്കും വരെ ബിജെപി സമരത്തിന് ഇറങ്ങും. ബിന്ദുവിൻ്റെ മരണം സാധാരണ മരണമല്ല. സർക്കാരിൻ്റെ അനാസ്ഥയുടെ ഇരയാണ്. മന്ത്രിമാർ രക്ഷാപ്രവർത്തനം താമസിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ പ്രതിച്ഛായ രക്ഷിക്കാൻ ശ്രമിച്ചതാണ് മരണ കാരണം. കുറ്റകരമായ അനാസ്ഥയാണിതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.