കൊച്ചി : കൊച്ചിയില്‍ ഡിപി വേള്‍ഡ് നടത്തുന്ന ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) 2025 ജൂണില്‍ 81,000 ടിഇയു (ഇരുപത് അടിയ്ക്ക് തുല്യ യൂണിറ്റുകള്‍) കൈകാര്യം ചെയ്തുകൊണ്ട് അതിന്റെ പ്രവര്‍ത്തനത്തില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുകയാണ്. 2025 മെയ് മാസത്തേക്കാള്‍ 35% വര്‍ദ്ധനവാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ മെച്ചപ്പെട്ട ട്രാന്‍സ്ഷിപ്പ്മെന്റ് നടത്തുന്നതില്‍ ഈ ടെര്‍മിനലിനുള്ള ശേഷിയും പ്രകടനത്തിലെ സുസ്ഥിരമായ കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.
2025 ജൂണില്‍, നിരവധി മദര്‍ ഷിപ്പുകള്‍ ഉള്‍പ്പെടെ 54 കപ്പലുകള്‍ ഡിപി വേള്‍ഡ് കൊച്ചിന്‍ വിജയകരമായി കൈകാര്യം ചെയ്തു എന്നത് ഈ ടെര്‍മിനലിന്റെ പ്രവര്‍ത്തന ശക്തിയും ഇന്ത്യയിലെ ലോജിസ്റ്റിക്സ് രംഗത്ത് അതിനുള്ള നിര്‍ണായക സ്ഥാനവും എടുത്തുകാണിക്കുന്നതാണ്. തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിന്‍ലൈന്‍ സേവനങ്ങളുമായി കൊച്ചി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
2025 ജൂണില്‍ 81,000 ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടത്തിലെത്തിയത്, ഡിപി വേള്‍ഡ് കൊച്ചിയിലും അതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലും ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഡിപി വേള്‍ഡ് കൊച്ചി, പോര്‍ട്ട്സ് ആന്റ് ടെര്‍മിനല്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദിപിന്‍ കയ്യത്ത് പറഞ്ഞു. പ്രധാന ആഗോള വിപണികളുമായി ഇന്ത്യയെ ബന്ധിപ്പിച്ചുകൊണ്ട് വ്യാപാരത്തെ മെച്ചപ്പെടുത്തുന്ന ഒരു നിര്‍ണായക സഹായി എന്ന നിലയില്‍ ഡിപി വേള്‍ഡിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതാണ് ഈ നാഴികക്കല്ല്. കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരവും കാലാനുസൃതവുമായ വിതരണ ശൃംഖലകളുടെ വളര്‍ച്ച ഉറപ്പാക്കുന്നതിനും ഡിപി വേള്‍ഡ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഉയര്‍ന്ന ആവശ്യകതയുള്ള സമയങ്ങളില്‍ പോലും തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നത്തിനായി ഇവിടെ ടെര്‍മിനലിന്റെ പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 3 എംവിഎയില്‍ നിന്ന് 5 എംവിഎയായി ഉയര്‍ത്തിയിട്ടുണ്ട്. യാര്‍ഡ് ഉപകരണങ്ങളുടെ പൂര്‍ണ്ണമായ വൈദ്യുതീകരണം വഴി കാര്‍ഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറച്ചത്, ഉപഭോക്താക്കള്‍ക്ക് സുസ്ഥിരതയിലൂന്നിയ മികച്ച നേട്ടം നല്‍കുന്നു.
തന്ത്രപ്രധാനമായ സ്ഥാനത്താണ് കൊച്ചി എന്നതിനാല്‍ത്തന്നെ ഇത് ഗുജറാത്ത് മുതല്‍ കൊല്‍ക്കത്ത വരെ, ഇന്ത്യയിലുടനീളമുള്ള തുറമുഖങ്ങളുമായി നിര്‍ണായകമായ തീരദേശ കണക്റ്റിവിറ്റി ഉറപ്പുതരുന്നു എന്നുമാത്രമല്ല, കിഴക്കും പടിഞ്ഞാറും തീരങ്ങള്‍ക്കിടയിലുള്ള തീരദേശ ചരക്ക് നീക്കത്തിനുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഡിപി വേള്‍ഡ് വികസിപ്പിച്ചെടുത്ത കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണ്‍ (FTWZ), ഇന്ത്യയില്‍ ഒരു പ്രധാന തുറമുഖത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇത്തരത്തിലുള്ള ഒരേയൊരു സംവിധാനമാണ്. ഇത് കയറ്റിറക്കുമതി (എക്സിം) വ്യാപാരത്തിന്റെയും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെയും ഒരു പ്രധാന സഹായിയായി തുടരുന്നു.
സുരക്ഷ, നവീകരണം, സേവന മികവ് എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഡിപി വേള്‍ഡ് കൊച്ചി. അതുവഴി ഇന്ത്യയുടെ വ്യാപാരത്തിന് കരുത്ത് പകരുന്നതും വിതരണ ശൃംഖല മേഖലയെ ശക്തിപ്പെടുത്തുന്നതും, ഭാവിയിലെ ആവശ്യങ്ങള്‍കൂടി മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള സുസജ്ജമായ ലോജിസ്റ്റിക്സ് പരിഹാരങ്ങള്‍ നല്‍കുന്നതിനും ഡിപി വേള്‍ഡ് കൊച്ചിയ്ക്ക് സാധിക്കും.