കര്‍ണാടക സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നികുതി അടയ്ക്കാതെ ബെംഗളൂരുവിലെ റോഡിൽ കറങ്ങിയ അത്യാഡംബര സ്‌പോര്‍ട്‌സ് കാർ ആയ ഫെരാരിക്ക് പിഴ ചുമത്തി കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ്. 1.42 കോടി രൂപ നികുതിയും പിഴയും ആണ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്.
മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത അത്യാഡംബര സ്‌പോര്‍ട്‌സ് കാറായ ഫെരാരി എസ്എഫ് 90 സ്‌ട്രെഡലിനാണ് കര്‍ണാടക റോഡ് ടാക്‌സും നികുതി അടയ്ക്കാതെ സംസ്ഥാനത്ത് ഉപയോഗിച്ചതിനുള്ള പിഴയുമായി ഈ തുക ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ആത്യാഡംബര വാഹനം കര്‍ണാടകയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെംഗളൂരു സൗത്ത് ആര്‍ടിഒയിലെ ഉദ്യോഗസ്ഥര്‍ ഈ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനം കര്‍ണാടകയിലെ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. നികതി അടയ്ക്കുന്നതിന് ഒരു ദിവസത്തെ സമയം നല്‍കിയുള്ള നോട്ടീസും വാഹനം ഉടമയ്ക്ക് നല്‍കിയിട്ടുണ്ട്.
1,41,59,041 രൂപയാണ് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ പിഴ ഒടുക്കിയില്ലെങ്കില്‍ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപ കാലത്ത് സംസ്ഥാനത്ത് ഒരു വാഹനത്തില്‍ നിന്ന് ഈടാക്കുന്ന ഏറ്റവും വലിയ നികുതിയാണിതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. നികുതി വെട്ടിച്ച് ഓടുന്ന ആഡംബര വാഹനങ്ങള്‍ക്കെതിരേയുള്ള നടപടികള്‍ തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നികുതി നല്‍കാതെ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് എതിരേ കര്‍ണാടകയില്‍ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നികുതി വെട്ടിപ്പ് നടത്തിയ 30 ആഡംബര വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഫെരാരി, പോര്‍ഷെ, ബിഎംഡബ്ല്യു കാറുകള്‍, ഔഡിയുടെ കാറുകള്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റേഞ്ച് റോവറുകള്‍ തുടങ്ങിയ വാഹനങ്ങളാണ് മുമ്പ് നികുതി വെട്ടിച്ചതിന് പിടിച്ചെടുത്തിട്ടുള്ളവ.