ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാന്‍ നൂതന ആശയങ്ങളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ഹബ് ആക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ‘സ്ട്രൈഡ്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച ‘മേയ്ക്കത്തോണ്‍ 2025’ ലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്.
നിത്യജീവിതത്തില്‍ ഭൗതിക വെല്ലുവിളി നേരിടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് പഠിച്ച ശേഷമാണ് ഓരോ ടീമും തങ്ങളുടെ ആശയങ്ങള്‍ക്ക് രൂപം നല്‍കിയത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ കണ്ടുപിടുത്തങ്ങള്‍ ഒന്നിനൊന്ന് മികച്ചുനിന്നു. മത്സരത്തിന്റെ രണ്ടാം ഘട്ടം മുതല്‍ ഓരോ സംഘത്തിലും ഭൗതിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയത് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ കുടുംബശ്രീ, ഐ ട്രിപ്പിള്‍ ഇ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, എന്നിവയുടെ സഹകരണത്തോടെയാണ് ‘സ്ട്രൈഡ്’ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള 300-ഓളം ടീമുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 32 ടീമുകളാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.
ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐഇഇഇ കേരള സെക്ഷന്‍ ചെയര്‍പേഴ്സണ്‍ മിനി ഉളനാട്, സമൂഹത്തോടുള്ള ഉത്തരവാദിത്തം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ‘നമ്മുടെ ഒരു പ്രവൃത്തി മറ്റൊരാള്‍ക്ക് ഉപകാരപ്പെട്ടു എന്നറിയുന്നതിനേക്കാള്‍ വലിയ സന്തോഷം വേറൊന്നുമില്ല’- അവര്‍ പറഞ്ഞു.
വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രശ്നപരിഹാരം ഉണ്ടാക്കുക മാത്രമല്ല, അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ആ മാറ്റം കൊണ്ടുവരാനാണ് ‘സ്ട്രൈഡ്’ ശ്രമിക്കുന്നതെന്ന് കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി വ്യക്തമാക്കി. ‘ഭൗതിക വെല്ലുവിളി നേരിടുന്ന സമൂഹം സ്വന്തം സ്വാതന്ത്ര്യത്തിന്റെ ശില്‍പികളായി മാറുമ്പോഴാണ് യഥാര്‍ത്ഥ പരിവര്‍ത്തനം സംഭവിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ഹബ് ആകുന്നതിലേയ്ക്കുള്ള കേരളത്തിന്റെ ധീരമായ ചുവടുവയ്പ്പാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ അധ്യാപകരും ഓരോ ടീമിലുമുണ്ടായിരുന്ന ഭൗതിക വെല്ലുവിളി നേരിടുന്ന അംഗങ്ങളും മത്സരവേദിയില്‍ എത്തിച്ചേര്‍ന്നു. നിഷ് ഇലക്ട്രോണിക്സ് വിഭാഗം ലക്ചറര്‍ അമിത് ജി. നായര്‍, കെഎഎംസി ലിമിറ്റഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ടിസിഎസ് പ്രിന്‍സിപ്പല്‍ ഇന്നൊവേഷന്‍ ഇവാഞ്ചലിസ്റ്റ് ജിം സീലന്‍, കെഎസ്യുഎം ക്രിയേറ്റീവ് റെസിഡന്‍സി ഫെലോ അജിത് ശ്രീനിവാസന്‍, നിഷ് ഗവേഷണ ശാസ്ത്രജ്ഞന്‍ ജനീഷ് യു എന്നിവര്‍ വിധികര്‍ത്താക്കളും മുഖ്യാതിഥികളുമായിരുന്നു.
CONTENT HIGH LIGHTS; Students come up with innovative ideas to make life easier for those facing physical challenges; ‘Stride Makeathon 2025’ stands out