Music

ടെയ്‌ലർ സ്വിഫ്റ്റ് പ്ലീസ് സ്റ്റെപ്പ് ബാക്ക്; ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഗായകനായി അര്‍ജിത് സിങ്

ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി എലിഷ്, ബിടിഎസ്, ദി വീക്കെൻഡ് തുടങ്ങിയ വമ്പൻ താരങ്ങളെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള താരമായി ഹിന്ദി ഗായകനും സംഗീതസംവിധായകനുമായ അര്‍ജിത് സിങ്. പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയില്‍ 13.9 കോടിയിലേറെ പേരാണ് ഗായകനെ പിന്തുടരുന്നത്.

അര്‍ജിത് സിങ്ങാണ് ടെയ്‌ലര്‍ സ്വിഫ്റ്റിനെ മറികടന്ന് സ്‌പോട്ടിഫൈയില്‍ ഒന്നാമതെത്തിയത്. 2024-ല്‍ 11.8 കോടി ഫോളോവര്‍മാര്‍ ഉണ്ടായിരുന്ന അര്‍ജിത് സിങ്ങിനെ ജൂലായ് ഒന്നിലെ കണക്കുകള്‍ പ്രകാരം 15.1 കോടി പേരാണ് സ്‌പോട്ടിഫൈയില്‍ പിന്തുടരുന്നത്. തും ഹി ഹോ, കേസരിയാ, തും ക്യാ മിലേ എന്നിവയാണ് 2024-ലെ അര്‍ജിതിന്റെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. 2025-ല്‍ സൈയാര എന്ന ചിത്രത്തിലെ ധുന്‍, ഛാവയിലെ ജാനേ തു എന്നിവ ഉള്‍പ്പെടെയുള്ള അര്‍ജിതിന്റെ പാട്ടുകളാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെട്ടത്.

2024-ലാണ് അര്‍ജിത്തിന് 10 കോടി ഫോളോവര്‍മാര്‍ തികഞ്ഞത്. ആ വര്‍ഷം സ്‌പോട്ടിഫൈയില്‍ 12.1 കോടി പേര്‍ പിന്തുടരുന്ന എഡ് ഷീറന്‍, 11.4 കോടി ഫോളോവര്‍മാരുള്ള ബില്ലി എയ്‌ലിഷ്, 10.72 കോടി ഫോളോവര്‍മാരുള്ള ദി വീക്ക്ന്‍ഡ് എന്നിവരെ അര്‍ജിത് സിങ് മറികടന്നു. ബിടിഎസ്സിന് നിലവില്‍ എട്ട് കോടി ഫോളോവര്‍മാരാണുള്ളത്. അരിയാന ഗ്രാന്‍ഡെ (10.58 കോടി), എമിനെം (10.17 കോടി) എന്നിവരെ താരം ഈ വര്‍ഷമാണ് മറികടന്നത്.

 

Latest News