അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച് റഷ്യ. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് റഷ്യ. താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടേത് ധീരമായ തീരുമാനമെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി വിശേഷിപ്പിച്ചു. ഈ ധീരമായ തീരുമാനം മറ്റുരാജ്യങ്ങൾക്ക് മാതൃകയാകുമെന്നും റഷ്യ എല്ലാവരെക്കാളും മുൻപിലാണെന്നാണ് മുത്താഖി പറഞ്ഞത്..
ഇതോടെ 2021-ൽ അഫ്‌ഗാനിസ്ഥാൻ അധികാരം പിടിച്ചെടുത്തതിനുശേഷം താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ മാറി. റഷ്യ താലിബാനെ നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തതിനെ തുടർന്നാണിത്. അഫ്ഗാനുമായുള്ള ബന്ധം ഊർജ്ജിതമാക്കുന്നതിലൂടെ ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലയിലെ സഹകരണം റഷ്യ ഉറപ്പാക്കുന്നു. അഫ്ഗാനിസ്ഥാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്നത് വിവിധ മേഖലകളിൽ നമ്മുടെ രാജ്യങ്ങൾക്കിടയിൽ ഉൽപ്പാദനക്ഷമമായ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിന് പ്രചോദനം നൽകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ അംഗീകാരം ഉത്‌പാദനക്ഷമമായ ഉഭയകക്ഷി സഹകരണം വളർത്തിയെടുക്കുമെന്ന് റഷ്യൻ മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു.യുഎസിന്‍റെയും നാറ്റോ സേനയുടെയും പിൻവാങ്ങലിനെത്തുടർന്ന് 2021 ഓഗസ്റ്റിൽ താലിബാൻ അഫ്‌ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തു. അതിനുശേഷം ഇസ്ലാമിക നിയമത്തിന്‍റെ കർശനമായ നടപ്പിലാക്കലിനൊപ്പം അവർ അന്താരാഷ്ട്ര അംഗീകാരം തേടുകയും ചെയ്‌തു.
ഇതുവരെ ഒരു രാജ്യവും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും നിരവധി രാജ്യങ്ങള്‍ ഉന്നതതല ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചില നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്‌തു. എന്നിരുന്നാലും സ്ത്രീകൾക്കുമേലുള്ള നിയന്ത്രണങ്ങളുടെ പേരിൽ താലിബാൻ സർക്കാർ ലോക വേദിയിൽ താരതമ്യേന ഒറ്റപ്പെട്ടിരിക്കുകയാണ്.
1996 മുതൽ 2001 വരെയുള്ള ആദ്യ ഭരണകാലത്തേക്കാൾ അമിത കർശന നിയമങ്ങള്‍ ഒഴിവാക്കിയുള്ള ഭരണം താലിബാൻ ആദ്യം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും 2021ല്‍ അധികാരം പിടിച്ചെടുത്തതിനുശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. മിക്ക ജോലികളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും സ്ത്രീകളെ വിലക്കിയിട്ടുണ്ട്. അതേസമയം ആറാം ക്ലാസിന് മുകളില്‍ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുകയും ചെയ്‌തു.
അഫ്‌ഗാനിസ്ഥാനെ സുസ്ഥിരമാക്കാൻ താലിബാനുമായി ബന്ധം പുലർത്തേണ്ടത് നിർബന്ധമാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി റഷ്യ താലിബാന്‍റെ മേലുള്ള നിരോധനം നീക്കം ചെയ്‌തു. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ ഉപദേശപ്രകാരം പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനാണ് താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള തീരുമാനം എടുത്തതെന്ന് സ്റ്റേറ്റ് ചാനൽ വൺ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തതായി അഫ്‌ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവ് പറഞ്ഞു. അഫ്‌ഗാനിസ്ഥാനുമായുള്ള പൂർണ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള റഷ്യയുടെ ആത്മാർഥമായ പരിശ്രമം ഈ തീരുമാനം തെളിയിക്കുന്നുവെന്ന് ഷിർനോവ് പറഞ്ഞു.അതേസമയംചൈന, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കാബൂളിലേക്ക് അംബാസഡർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ആരും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും താലിബാൻ ഭരണകൂടവുമായുള്ള ബന്ധം ഊർജ്ജിതമാക്കിയിരുന്നു.