മുംബൈ: കർഷകന് സഹായവുമായി ബോളിവുഡ് നടൻ സോനുസൂദ്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അംബാദാസ് പവാറിനാണ് (76) താരം സഹായം വാഗ്ദാനം ചെയ്തത്. നിർധരരായവർക്ക് താരം ഇതിനു മുൻപും സഹായങ്ങൾ ചെയ്തിട്ടുണ്ട്.
അംബാദാസ് വയൽ സ്വയം ഉഴുന്ന വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹഡോൾട്ടി ഗ്രാമത്തിൽ നിന്നുള്ള വീഡിയോ കണ്ട സോനുസൂദ് അത് എക്‌സിൽ പങ്കിട്ടു.
അതിനൊപ്പം ‘ആപ് നമ്പർ ഭേജിയേ, ഹം ബെയിൽ ഭേജേ ഹെ (ഫോൺ നമ്പർ അയക്കൂ, കാളകളെ തരാം)’ എന്നും കുറിച്ചു. അംബാദാസ് പവാർ കലപ്പ ദേഹത്ത് കെട്ടി ഭാര്യയുടെ സഹായത്തോടെ നിലം ഉഴുതുമറിക്കുന്ന വീഡിയോയായിരുന്നു പ്രചരിച്ചത്.
പത്തുവർഷമായി താൻ സ്വന്തം കൈകൊണ്ട് പാടം ഉഴുതുമറിക്കുന്നുണ്ടെന്ന് പവാർ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. തുടർന്ന് ലാത്തൂർ ജില്ലാ ഓഫീസറും സംസ്ഥാന മന്ത്രിയും തന്നെ ബന്ധപ്പെട്ടതായി അംബാദാസ് പറഞ്ഞു. തന്റെ 40,000 രൂപയുടെ കടം എഴുതിത്തള്ളണമെന്ന് അംബാദാസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
കുടുംബത്തിൽ ആറുപേരാണുള്ളത്. ഒരു മകൻ ഐടിഐ പാസായശേഷം പുണെയിലെ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നുണ്ടെങ്കിലും തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. കുടുംബം പോറ്റാൻ വാർധക്യത്തിലും കഷ്ടപ്പെടേണ്ട അവസ്ഥയാണെന്നും കർഷകൻ പറയുന്നു.
സോയാബീൻ കൃഷിയാണ് നടത്തുന്നത്. വളത്തിനുമാത്രം ഒരു ചാക്കിന് 3000 രൂപ വിലവരുമെന്നും വിളയ്ക്കാണെങ്കിൽ വില ലഭിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു. സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷവും അംബാദാസിന്റെ ദയനീയാവസ്ഥ ഉയർത്തിക്കാട്ടിയിരുന്നു.