മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം ചേര്‍ന്നത്.
വയനാട് ജില്ലയിലെ മേപ്പാടി-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് Post-disaster Need Assessment നടത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത് പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടി രൂപയും അനുവദിക്കുന്നതിനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ നിന്നും ഒഴിവാക്കിയ ‘സെക്ഷന്‍ 13’ പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടല്‍ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാര്യങ്ങളില്‍ പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ലഘൂകരണം
നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ റെയില്‍ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍കണ്ട് മുഖ്യമന്ത്രി സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി തലശ്ശേരി – മൈസൂര്‍, നിലമ്പൂര്‍ – നഞ്ചന്‍ഗുഡ് റെയില്‍ പദ്ധതി, കാഞ്ഞങ്ങാട് – പാണത്തൂര്‍ – കണിയൂര്‍ റെയില്‍വേ ലൈന്‍, അങ്കമാലി – എരുമേലി – ശബരി റെയില്‍വേ ലൈന്‍, സംസ്ഥാനത്ത് മൂന്നാമതും
നാലാമതും റെയില്‍വേ ലൈനുകള്‍ അനുവദിക്കുന്നത്, കൊച്ചി മെട്രോ – എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ വരെ നീട്ടുന്നതിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാര്‍ലമെന്റംഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടല്‍
കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം പിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. നാടിന്റെ പൊതുവായ കാര്യങ്ങളില്‍ യോജിച്ച് ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഗ്യാരണ്ടി റിഡംഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് തുക വെട്ടിക്കുറച്ചത്, ഐ.ജി.എസ്.ടിയില്‍ 965 കോടി രൂപ വെട്ടിക്കുറച്ചത്, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തുക, കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ എടുക്കുന്ന വായ്പ കടപരിധിയില്‍ നിന്നും ഒഴിവാക്കല്‍, ജല ജീവന്‍ മിഷന്റെ സംസ്ഥാന വിഹിതത്തിനു തുല്യമായ തുക നിലവിലെ കടമെടുപ്പ് പരിധിക്കു ഉപരിയായി അനുവദിക്കുന്നത്
ഉള്‍പ്പടെയുള്ള ധനകാര്യ വിഷയങ്ങളില്‍ ഇടപെടല്‍ നടത്താന്‍ യോഗം തീരുമാനിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ഗിഫ്റ്റ് സിറ്റി (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി), കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറി ഡോറിന് കീഴില്‍ ഗ്ലോബല്‍ സിറ്റി ഘടകത്തെ ബന്ധിപ്പിക്കണം, ലോജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കുന്നതിലും കണക്ടിവിറ്റി ഇന്‍ഫ്രാസ്ട്രക്ടര്‍ പൂര്‍ത്തീകരിക്കുന്നതിലും സമയബന്ധിതമായ കേന്ദ്ര പിന്തുണ തേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.
ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) കേരളത്തില്‍ അനുവദിക്കുന്നതിനുള്ള നടപടി, വയ വന്ദന യോജന പദ്ധതിയുടെ പ്രിമിയം തുക വര്‍ദ്ധനവ്, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട കുടിശ്ശിക ലഭ്യമാക്കല്‍, ആശാ വര്‍ക്കര്‍മാരെ ഹെല്‍ത്ത് വര്‍ക്കര്‍മാരാക്കണമെന്ന ആവശ്യം, ബ്രഹ്മോസ് പദ്ധതി സംസ്ഥാനത്ത് നിലനിര്‍ത്തുന്നത്, വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വ്വീസ് നടത്താനുള്ള ‘പോയിന്റ് ഓഫ് കോള്‍’ ലഭ്യമാക്കല്‍, സംസ്ഥാനത്തെ ദേശീയപാതാ വികസനം, ദേശീയ ജലപാത-3ന്റെ എക്സ്റ്റന്‍ഷന്‍ ആയി
പ്രഖ്യാപിച്ചിട്ടുള്ള കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെയുള്ള ജലപാത ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നത്, തീരദേശ സംരക്ഷണത്തിനായുള്ള കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. കടല്‍ ഭിത്തി നിര്‍മ്മാണത്തിനോടൊപ്പം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനും, സ്വത്തും സംരക്ഷിക്കുന്നതിനായുള്ള വിവിധ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചതിന്മേല്‍ നടപടി സ്വീകരിക്കണം, സംസ്ഥാനത്തിന് ടൈഡ് ഓവര്‍ വിഹിതത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുക തുടങ്ങിയവയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംയുക്തമായി ഏകോപിപ്പിക്കുമെന്നും പാര്‍ലമെന്റംഗങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കാര്‍ഷിക ഉല്‍പ്പനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സഹായകമാകുന്ന അമേരിക്കയുമായി നടത്താന്‍ ഉദ്ദേശിക്കുന്ന കരാറില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി കത്തയക്കണമെന്നും യോഗം തീരുമാനിച്ചു.
യോഗത്തില്‍ മന്ത്രിമാരായ പി പ്രസാദ്, ജി ആര്‍ അനില്‍, എ കെ ശശീന്ദ്രന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു, എം പിമാരായ കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി പി സുനീര്‍, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ജോസ് കെ മാണി, കൊടിക്കുന്നില്‍ സുരേഷ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, ബെന്നി ബഹന്നാന്‍, എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, വി. കെ ശ്രീകണ്ഠന്‍, ഹാരിസ് ബീരാന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ യോഗത്തിന് സ്വാഗതം ആശംസിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍, വകുപ്പ് സെക്രട്ടറിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Human-wildlife conflict: State to enact legislation