രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗം അംഗീകാരം നല്‍കി. ഇതില്‍ പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം’ എന്ന അധ്യായത്തിലാണ് ഗവര്‍ണ്ണറുടെ അധികാരങ്ങളും ചുമതലകളും സവിസ്തരം പ്രതിപാദിക്കുന്നത്.
കൂടാതെ അടയിന്തിരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറര്‍ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോര്‍ട്ട് പൊളിറ്റിക്സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു.
അംഗീകാരം നല്‍കിയ പാഠപുസ്തകങ്ങള്‍ ഓണാവധിക്കു മുമ്പു തന്നെ കുട്ടികളുടെ കൈകളില്‍ എത്തിച്ചേരും.
ഹയര്‍ സെക്കണ്ടറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കണ്ടറി ക്ലാസ്സ് മുറികളില്‍ വിശദമായ ചര്‍ച്ച സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം
ശേഖരിക്കുവാനും ജില്ലാ സംസ്ഥാനതലങ്ങളില്‍ ശില്‍പശാലകള്‍ നടത്തി പാഠപുസ്തക രചന ആരംഭിക്കുവാനും കരിക്കുലം കമ്മിറ്റി അനുമതി നല്‍കി. ദേശീയ പഠനനേട്ട സര്‍വ്വേയില്‍ സംസ്ഥാനത്തിന് മികച്ച നേട്ടം കൈവരിക്കുന്നതിന് പങ്കു വഹിച്ച കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗം അഭിനന്ദിച്ചു.
CONTENT HIGH LIGHTS; Curriculum Committee approves lesson on Governor’s powers