ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ അടിയന്തര സ്റ്റോക്ക് വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ മൂന്ന് പുതിയ തന്ത്രപ്രധാന എണ്ണ ശേഖരങ്ങള്‍ തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആരെയും ആശ്രയിക്കാതെ 90 ദിവസം തള്ളിനീക്കുകയാണ് ലക്ഷ്യം.റഷ്യ- യുക്രൈന്‍ യുദ്ധം, ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം, യുഎസ് വ്യാപാര നികുതി… എല്ലാം കൊണ്ടും ആഗോള വിപണികള്‍ പ്രഷുബ്ധമാണ്. ഇത് ആഗോള എണ്ണവിലയില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം ചെറുതല്ല. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര ആശാവഹമല്ല. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നേരിടുന്ന വിതരണ തടസങ്ങളും ഇന്ത്യയുടെ വളര്‍ച്ചയെ അടക്കം സമ്മര്‍ദത്തിലാക്കും. ഇന്ധന വിതരണം ഏതെങ്കിലും വിധത്തില്‍ തടസ്സപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിടും. ഇക്കാരങ്ങളാലാണ് പുതിയ എണ്ണ റിസര്‍വുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
നിലവില്‍ രാജ്യത്തിന് 3 പുതിയ തന്ത്രപരമായ എണ്ണ കരുത്യ ശേഖരങ്ങളാണുള്ളത്. ഇവയാണ് നിലവില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത്. മംഗലാപുരം, പാദൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഈ ശേഖരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇവയുടെ മൊത്തം സംഭരണ ശേഷി 5.33 ദശലക്ഷം ടണ്‍ ആണ്. വര്‍ധിച്ചുവരുന്ന എണ്ണ ആവശ്യകതയും വെല്ലുവിളികളും നേരിടാന്‍ ഈ 3 കേന്ദ്രങ്ങള്‍ അപര്യാപ്തമാണ്.
ഇന്ത്യയുടെ ആവശ്യകതകള്‍ മുന്‍നിര്‍ത്തി 3 പുതിയ എണ്ണ കരുതല്‍ ശേഖരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഇന്ത്യ പ്ലാന്‍ ചെയ്യുന്നത്. രാജസ്ഥാനിലെ ബിഖാനറില്‍ 5.2- 5.3 ദശലക്ഷം ടണ്‍ ശേഷിയുള്ള ഒരു ഭൂഗര്‍ഭ സൗകര്യം, കര്‍ണാടകയുടെ ഭാഗമായ മംഗലാപുരത്ത് 1.75 ദശലക്ഷം ടണ്‍ സംഭരണ കേന്ദ്രം, മധ്യപ്രദേശിലെ ബിനയില്‍ മറ്റൊരു കേന്ദ്രം എന്നിവയാണ് പദ്ധതിയിലുള്ളത്. ഇതില്‍ ബിനയുടെ ശേഷിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
പുതിയ എണ്ണ ശേഖരത്തെ പറ്റി പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് പഠനം നടത്തിവരികയാണ്. ഈ പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് മന്ത്രിസഭയാകും അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ എണ്ണയുമായി ബന്ധപ്പെട്ട് 2 പുതിയ തീരുമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കി കഴിഞ്ഞു. ഒന്ന് പാദൂരിലെ 2.5 ദശലക്ഷം ടണ്‍ ശേഷിയുടെ വിപുലീകരണവും, രണ്ട് ഒഡീഷയിലെ ചണ്ഡിഖോളിലെ 4 ദശലക്ഷം ടണ്‍ ശേഷിയുടെ നവീകരണവും ആണ്.