ജൂലൈ അഞ്ച് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നെഞ്ചിടിപ്പിലും ആശങ്കയിലുമാണ് ജപ്പാനും ചൈനയും തായ്വാനും. ജൂലൈ അഞ്ചിന് പുലർച്ചെ നാല് മണിക്ക് ശേഷം വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകി പ്രവചിച്ചിരിക്കുന്നത്.കേവലമൊരു പ്രവചനമെന്ന് തള്ളിക്കളയാൻ വരട്ടെ, സുനാമിയും കൊവിഡുമൊക്കെ പ്രവചിച്ചെന്ന് അവകാശപ്പെടുന്ന അതേ ജാപ്പനീസ് ബാബ വാംഗ തന്നെയാണ് ജൂലൈ 5ലെ മഹാദുരന്തത്തെ കുറിച്ചും മുന്നറിയിപ്പ് തന്നിരിക്കുന്നത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ലോകം.
പ്രവചനം പോലെ എന്തെങ്കിലും സംഭവിച്ചാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജപ്പാൻ ആരംഭിച്ചിരുന്നു. “ഫ്യൂച്ചർ ഐ സോ ” എന്ന കൃതിയിലൂടെയാണ് റിയോ തത്സുകിയുടെ പ്രവചനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
തത്സുകി കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് 1999ൽ “ഫ്യൂച്ചർ ഐ സോ ” എന്ന കൃതി പുറത്തിറക്കിയത്. ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ തത്സുകിയെ ജാപ്പനീസ് ബാബാ വാംഗയെന്നും വിളിക്കുന്നു. തത്സുകിയുടെ പ്രവചനം വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ് ഇപ്പോൾ.
നാളെ പുലർച്ചെ 4.18ന് ഒരു വലിയ പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് ഏറ്റവും അവസാനം റിയോ നടത്തിയ പ്രവചനം. ദിവസം അടുക്കുന്തോറും സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ജപ്പാനില്‍ ഉണ്ടായ നിരവധി ഭൂചലനങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
റിയോയുടെ പ്രവചനത്തിന് ശാസ്‌ത്രീയ അടിത്തറയുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊന്നില്ല താനും. പ്രവചനം കേട്ട് പലരും ഭയക്കുന്നുണ്ടെങ്കിലും ശാസ്‌ത്രീയ അടിത്തറ ഇല്ലെന്ന കാരണം കാട്ടി തള്ളിക്കളയുന്നവരും ഏറെയാണ്. പലരും റിയോയെ വിമർശിച്ച് രംഗത്ത് വരുന്നുമുണ്ട്.
റിയോയുടെ പ്രവചനം എതിർക്കപ്പെടാനുള്ള പ്രധാന കാരണം, അവയെല്ലാം റിയോയുടെ സ്വന്തം കൃതിയില്‍ നിന്നുള്ളതാണ് എന്നതാണ്. ഇവരുടെ പുസ്‌തകത്തിലുള്ള ചിത്രങ്ങള്‍ അതായത്, ദുരന്തത്തെ കുറിച്ച് സൂചന നല്‍കുന്നവ, എപ്പോള്‍ സൃഷ്‌ടിച്ചു എന്നതില്‍ ഒരു തേഡ് പാർട്ടി സ്ഥിരീകരണമില്ല. ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുൻപ് അവർ തന്‍റെ പുസ്‌തകത്തിലൂടെ പ്രവചിച്ചു എന്നത് റിയോയോ അവരുടെ അടുത്ത വൃത്തങ്ങളോ മാത്രമാണ് സാക്ഷ്യപ്പെടുത്തുന്നത്. കൃത്യമായ സമയം രേഖപ്പെടുത്തപ്പെടാത്തതോ പരിശോധിക്കാനാവശ്യമായ രേഖകള്‍ ഇല്ലാത്തതോ ആയ ഇത്തരം പ്രവചനങ്ങള്‍ ശാസ്‌ത്രീയമായി തെളിയിക്കാനാകില്ല.
റിയോയുടെ പ്രവചനങ്ങള്‍ പലതും അവ്യക്തവും പ്രതീകാത്മകവുമാണ് എന്നും വിദഗ്‌ധർ പറയുന്നു. ഉദാഹരണത്തിന് നഗരത്തിൽ പതിക്കുന്ന തിരമാല. സുനാമി പോലുള്ള ദുരന്തങ്ങള്‍ സംഭവിച്ചതിന് പിന്നാലെ ആളുകൾ ആ അവ്യക്ത ചിത്രങ്ങളെ പ്രവചനങ്ങൾ ആയി വ്യാഖ്യാനിക്കുന്നു. കാര്യങ്ങളിങ്ങനെയൊക്കെ ആയതിനാല്‍ ഒരു മുൻകരുതലെന്നോണം ചൈന, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ആളുകള്‍ റദ്ദാക്കിയിട്ടുണ്ട്. 80 ശതമാനം വിനോദ സഞ്ചാര യാത്രകകള്‍ റദ്ദാക്കപ്പെട്ടതായാണ് റിപ്പോർട്ട്. തത്സുകിയുടെ പ്രവചനത്തെ തുടർന്ന് ചൈന, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജൂലൈ അഞ്ചിന് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാര യാത്രകൾ 80 ശതമാനത്തോളം റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. ജൂലൈ അഞ്ചിന് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ലോകം.