‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സായ് അഭ്യങ്കർ ഇനി മലയാളത്തിലേക്ക്. ഓണച്ചിത്രമായി എത്താൻ ഒരുങ്ങുന്ന ഷെയിൻ നിഗത്തിന്റെ ‘ബള്‍ട്ടി’യിലൂടെയാണ് സായ് അഭ്യങ്കർ മലയാളത്തിലെക്ക് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന രീതിയിലാണ് പ്രൊമോ വീഡിയോ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
‘ബൾട്ടി ജഴ്സി’യുമായി നിൽക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രം എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്.
‘ബൾട്ടി’യിലൂടെ സായ് അഭ്യങ്കർ മലയാളത്തിലെക്കെത്തുമ്പോള്‍ പ്രേക്ഷകരും സംഗീതാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: sai abhyankkar malayalam