റഷ്യ യുക്രെയ്ൻ യുദ്ധം ഒരു തരത്തിൽ ഇന്ത്യയ്ക്ക് ലാഭമായിരുന്നു. യുദ്ധം വിനാശകരമായ ഒന്നാണെങ്കിലും ഈ യുദ്ധം ഇന്ത്യയുടെ ഇന്ധന അപര്യാപ്തതയെ ഒരുപരിധി വരെ ഇല്ലാതാക്കി എന്ന് വേണം കരുതാൻ.റഷ്യൻ ഇന്ധനത്തിന് പടിഞ്ഞാറൻ രാജ്യങ്ങളെല്ലാം വിലക്കേർപ്പെടുത്തിയ അവസരം ഇന്ത്യ നന്നായി ഉപയോഗിച്ചിരുന്നു.ഇന്ധനത്തിന് നിരോധനം വന്നതോടെ ഡിസ്കൗണ്ട് നിരക്കിൽ ഓയിൽ വില്പന നടത്താൻ റഷ്യ നിർബന്ധിതരായി. ഇത് ഇന്ത്യയ്ക്ക് കുറഞ്ഞ വിലയിൽ ക്രൂഡ് ലഭിക്കാൻ വഴിതുറന്നു. എന്നാൽ ഇപ്പോൾ യുഎസ് ഇടപെടൽ ഇന്ത്യയെ ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം.റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 500% താരിഫ് ഏർപ്പെടുത്താൻ യു.എസ് ഒരുങ്ങുകയാണ്.ഇന്ത്യ, ചൈന അടക്കം റഷ്യൻ ഇന്ധനം ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിലെ സാധനങ്ങളുടെ യു.എസിലേക്കുള്ള ഇറക്കുമതിക്ക് 500% താരിഫ് ചുമത്തുന്നത് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. സൗത്ത് കാലിഫോർണിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായ സിൻഡ്സെ ഗ്രഹാമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജൂലൈയിൽത്തന്നെ ഈ വിഷയം വോട്ടിനിടണമെന്ന് ട്രംപ് തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. യു.എസിനോട് കാലങ്ങളായി ശാക്തിക കിടമത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് റഷ്യ. റഷ്യൻ ഇന്ധനം വൻതോതിൽ വാങ്ങിക്കൂട്ടുന്ന ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിലൂടെ റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നൽകാനും സാധിക്കുമെന്ന് യു.എസ് കണക്കു കൂട്ടുന്നു.
വ്ലാഡിമിർ പുടിൻ ഇതോടെ യുക്രൈനുമായുള്ള യുദ്ധം സംബന്ധിച്ച ചർച്ചകൾക്ക് തയ്യാറാകുമെന്നാണ് കണക്കു കൂട്ടൽ. ഈ കരു നീക്കത്തിലൂടെ ഡൊണാൾഡ് ട്രംപിന്റെ പ്രതിച്ഛായ വർധിക്കുകയും, യു.എസിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഇന്ത്യയും, ചൈനയും 70% റഷ്യൻ ഇന്ധനം വാങ്ങുന്നതായി ഗ്രഹാം പറഞ്ഞു. ഇത് റഷ്യ-യുക്രൈൻ യുദ്ധം നീണ്ടു പോകുന്നതിന് പരോക്ഷത്തിൽ കാരണമാകുന്നു. ഇത്തരത്തിൽ പുടിനെ സഹായിക്കുന്ന രാജ്യങ്ങൾക്ക് സമ്മർദ്ദം നൽകുകയും റഷ്യ-യുക്രൈൻ സംഘർഷം ചർച്ചകളിലേക്ക് എത്തിക്കുകയുമാണ് 84 കോ സ്പോൺസർമാരുള്ള പുതിയ ബില്ലിന്റെ ലക്ഷ്യം.
കഴിഞ്ഞ മാർച്ചിൽ ഇത്തരമൊരു ബിൽ മുന്നോട്ടു വെച്ചിരുന്നെങ്കിലും അടുത്ത ആഗസ്റ്റിൽ മാത്രമേ അടുത്ത നീക്കം നടക്കാൻ വഴിയുള്ളൂ. ഇതിനിടെ റഷ്യയുമായി സൗഹൃദം ശക്തമാക്കാൻ ട്രംപ് ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഫലങ്ങൾ യു.എസ് വീക്ഷിച്ചു വരികയാണ്. ഇതാണ് ബിൽ നടപ്പാക്കാൻ കാലതാമസമുണ്ടാകുന്നത്
ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തിലധികവും ഇറക്കുമതിയാണ് നടത്തുന്നത്. വലിയ ഡിസ്കൗണ്ടിൽ റഷ്യൻ ഇന്ധനം 2022 മുതൽ, വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകിയിട്ടുണ്ട്. വ്യാപാരക്കമ്മി കുറച്ചു നിർത്താനും ഇത് സഹായകമായി.
ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ധന ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിദിനം ഏകദേശം 5.1 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തുന്നത്. റഷ്യൻ ഇന്ധനം വലിയ തോതിൽ വാങ്ങുന്നതിന് മുമ്പ് മിഡിൽ ഈസ്റ്റിൽ നിന്നായിരുന്നു ഇവിടേക്ക് കൂടുതൽ ക്രൂഡ് ഇറക്കുമതി നടത്തിയിരുന്നത്. എന്നാൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതോടെ 1 ശതമാനത്തിൽ താഴെ നിന്നിരുന്ന റഷ്യൻ ഇന്ധന ഇറക്കുമതി ചുരുങ്ങിയ കാലയളവിൽ 40-44 ശതമാനത്തിലേക്ക് കുതിച്ചു കയറി.
സൗദി അറേബ്യ, ഇറാൻ, ഇറാക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആകെ ഇറക്കുമതിയേക്കാൾ കൂടുതലായി റഷ്യൻ ഇന്ധനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. ഇവിടെ യു.എസ് 500% താരിഫ് ഏർപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. എന്നാൽ ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നത് പ്രതീക്ഷ നൽകുന്ന ഘടകവുമാണ്. അതേ സമയം നടപ്പാക്കാനായിരുന്നെങ്കിൽ ഇത്തരമൊരു നിയമം വളരെ നേരത്തെ തന്നെ യു.എസ് കൊണ്ടു വരുമായിരുന്നു എന്നാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്.