കെപിസിസിയുടെ സാമ്പത്തിക സഹായമായ ഒരു ലക്ഷം രൂപ ആശാ പ്രവര്‍ത്തകര്‍ക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കൈമാറി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലില്‍ എത്തിയാണ് തുക നല്‍കിയത്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി തുക ഏറ്റുവാങ്ങി. വിവിധ മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന സമരസംഗമങ്ങളില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ് ആശാ പ്രവര്‍ത്തകരുടെ സമരം. കഴിഞ്ഞ കുറേ മാസങ്ങളായി സമരം തുടരുന്ന ആശാ പ്രവര്‍ത്തകരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അവരുടെ സമരം അവസാനിപ്പിക്കുന്നതിനും ആനുകൂല്യ വര്‍ദ്ധനവ് എന്നുള്ള ആവശ്യം അംഗീകരിക്കാനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ചെറിയ ആശ്വാസം എന്ന നിലയ്ക്കാണ് കെപിസിസി സാമ്പത്തിക സഹായം നല്‍കിയത്.
പ്രവാസി വ്യവസായ എം പത്മനാഥ് അഴീക്കോടാണ് ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള തുക കെപിസിസിക്ക് സംഭാവന ചെയ്തത്. കെപിസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം ലിജു, ജി സുബോധന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി,എം വിന്‍സന്റ് എംഎല്‍എ ,ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.