ഇന്ന് മിക്ക ആളുകളുടെയും പ്രധാന പ്രശ്‌നം ആണ് താരൻ. താരൻ മാറാനായി നിരവധി പൊടികൈകൾ പരീക്ഷിക്കുന്നവരാണ് ഏറെയും. താരൻ ചിലർക്ക് തലയിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമാണ് ചെയ്യുക, എന്നാൽ മറ്റു ചിലർക്ക് അലർജി, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കും. താരൻ വരാനുള്ള യഥാർത്ഥ കാരണം എന്താണെന്നു നോക്കാം.
ശരീരം ചൂടുകൂടുമ്പോൾ വിയർപ്പ് പുറംതള്ളുന്നത് പോലെ തലയോട്ടിയുടെ ഒരുതരം പുറംതള്ളലാണ് താരൻ എന്ന് വിദഗ്ധർ പറയുന്നു. യീസ്റ്റ് പോലെയുള്ള ഒരു തരം ഫംഗസാണ് താരൻ. ചില ആളുകളിൽ ചെറിയ പൊടികളായും, ചിലർക്ക് തലയിൽ കൂടിയ അളവിൽ പുറ്റ് പോലെയും താരൻ ഉണ്ടായിരിക്കും.
വളരെ സെൻസിറ്റീവായ ചർമമുള്ള ആളുകൾക്ക് താരൻ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ സമ്മർദം കൂടുതലുള്ള ആളുകൾക്കും താരൻ കൂടുതലായി കാണപ്പെടുന്നു. സമ്മർദം കൂടുമ്പോൾ തലയോട്ടിയിലെ കോശങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നതിനാൽ, ഈ സമയങ്ങളിൽ താരൻ വർധിക്കുന്നു.
ഹോർമോണിലുണ്ടാകുന്ന വ്യത്യാസങ്ങൾ താരന്റെ മറ്റൊരു കാരണമാണ്. അതുകൊണ്ട് തന്നെ യുവാക്കളിലും, കൗമാരക്കാരിലും താരൻ കൂടുതലായി കാണപ്പെടാം.
താരൻ അമിതമായി തോന്നുകയാണെങ്കിൽ ഡോക്ടറെ കാണുകയും ചികിത്സ ലഭ്യമാക്കുകയും വേണം. തലയോട്ടിയിൽ കാണപ്പെടുന്ന ഫംഗസ് ആണ് താരൻ എന്ന് നേരത്തെ പറഞ്ഞല്ലോ.. ഫംഗസുകളെ കുറയ്ക്കാനും, താരൻ ഒരു പരിധി വരെ തടയാനും, ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
തലയിൽ താരനുള്ളവർ ദിവസവും തലവൃത്തിയായി കഴുകിയിരിക്കണം. എല്ലാ ദിവസവും ഷാംപൂ ഉപയോഗിച്ചില്ലെങ്കിലും, നന്നായി തല കഴുകേണ്ടത് അത്യാവശ്യമാണ്.