‘പിന്‍ഗാമി ആരായിരുന്നാലും ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരം വേണം’ തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന ദലൈ ലാമയുടെ പ്രഖ്യാപനം വന്നത് തൊട്ട് അവകാശവാദം ഉയർത്തുകയാണ് ചൈന. ‘ഈ വിഷയത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ല’ എന്ന് ചൈനയെ പ്രകോപിപ്പിച്ചുകൊണ്ട് ദലൈ ലാമയും മറുപടിയും നല്‍കി. ഈ രണ്ടു പ്രതികരണങ്ങളില്‍ നിന്നും ലോകം മനസ്സിലാക്കിയത് ഇത്രയുമാണ്, പതിറ്റാണ്ടുകളായി തുടരുന്ന ടിബറ്റ്-ചൈന സംഘര്‍ഷത്തിന് അയവൊന്നും ഉണ്ടാകില്ല..
അതേസമയം ഈ വിഷയത്തിൽ ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അതിന്റെ സ്വാധീനം ഒഴിവാക്കാൻ ശ്രമിക്കണമെന്നും ചൈന ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്.ദലൈലാമയുടെയും ടിബറ്റൻ ബുദ്ധമതത്തിലെ രണ്ടാമത്തെ പ്രധാന പുരോഹിതനായ പഞ്ചൻ ലാമയുടെയും പുനർജന്മം, ആഭ്യന്തര തിരച്ചിലിന് അനുസൃതമായി കർശനമായ മതപരമായ ആചാരങ്ങളും ചരിത്രപരമായ കൺവെൻഷനുകളും പാലിക്കേണ്ടതുണ്ടെന്നാണ് ചൈനയുടെ നിലപാട്.
ദലൈ ലാമ ചൈനയ്‌ക്കെന്നും വിഘടനവാദിയാണ്. ആറ് ദശലക്ഷത്തിലധികം ജനങ്ങളുള്ള ടിബറ്റിന് സ്വാതന്ത്ര്യം തേടുന്ന ‘ട്രെയ്റ്റര്‍’! ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ യാതൊരു അധികാരവുമില്ലാത്ത നാടുവിട്ടോടിയവന്‍. 1959ല്‍ ചൈനീസ് അധിനിവേശത്തെ തുടര്‍ന്നാണ് ഒരു സാധാരണ സൈനികന്റെ വേഷത്തില്‍ ലാസയില്‍ നിന്ന് 14-ാം ദലൈ ലാമ തന്റെ ശിഷ്യരുമായി പലായനം ചെയ്യുന്നത്. തുടര്‍ന്നുള്ള ഏഴുപതിറ്റാണ്ടുകള്‍ ടിബറ്റിന്റെ സ്വയംഭരണത്തിനായുള്ള പോരാട്ടത്തിന്, ആ ജനതയുടെ മതസ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം ഇന്ത്യയില്‍ അഭയാര്‍ഥിയായിക്കഴിഞ്ഞുകൊണ്ടുതന്നെ നേതൃത്വം നല്‍കി. ടിബറ്റിന് വേണ്ടി സംസാരിച്ചുകൊണ്ട് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുമ്പോള്‍ പോലും ചൈന നേരിട്ടിരുന്ന വെല്ലുവിളി ആ ജനതയുടെ പ്രത്യേക വിശ്വാസവും സംസ്‌കാരവുമായിരുന്നു. ഒരു കമ്യൂണിസ്റ്റ് രാജ്യത്തോട് ലയിക്കാന്‍ വിമുഖത പ്രകടമാക്കിക്കൊണ്ട് ആ വൈവിധ്യം മുഴച്ചുതന്നെ നിന്നു. ദലൈ ലാമയ്ക്കുണ്ടായ ജനപ്രീതിയും അംഗീകാരവും മോവ മുതല്‍ ഷി ജിന്‍പിങ്ങുവരെയുള്ള ചൈനയുടെ ഉന്നത നേൃത്വത്തിന് തലവേദനയും സൃഷ്ടിച്ചിരുന്നു.
ഈ സമയത്താണ് തനിക്ക് പിന്‍ഗാമി വരുമെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുടെ പ്രഖ്യാപനം. ഇത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.നൂറ്റാണ്ടുകള്‍ നീണ്ട തത്വമനുസരിച്ച് ദലൈ ലാമയുടെ തിരഞ്ഞെടുപ്പിന് ചൈനയുടെ അംഗീകാരം വേണമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞുകൊണ്ട് ദലൈ ലാമയുടെ പ്രഖ്യാപനത്തെ ചൈന തള്ളുകയാണ് ഉണ്ടായത്. ചൈനയെ സംബന്ധിച്ചിടത്തോളം പിന്‍ഗാമി വരുന്നത് ടിബറ്റില്‍ പിടിമുറുക്കുന്നതിനുള്ള തന്ത്രപരമായ അവസരമാണ്. പിന്‍ഗാമിയായി കണ്ടെത്തുന്നത് ഒരു കുട്ടിയെയാണെങ്കില്‍ കുട്ടി മുതിര്‍ന്ന് നേതൃത്വ പദവിയിലെത്തുവരെയുള്ള അധികാര ശൂന്യത ചൈനയ്ക്ക് ടിബറ്റില്‍ പിടിമുറുക്കുന്നതിനുള്ള അവസരമായി മാറ്റാനാകും.
ഇതുകൊണ്ട് തന്നെയാണ് ഈ തർക്കത്തിൽ ഇന്ത്യ വിട്ടുനിൽക്കണമെന്ന് ചൈന ആവശ്യപ്പെടുന്നത്. എന്നാൽ മതപരമായ വിഷയത്തിൽ രാജ്യം തലയിടില്ലെന്ന നിലപാടിലാണ് ഇന്ത്യ.