കോട്ടയം: കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തും. ഇന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം മുന്നില്‍ക്കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റ് പലയിടങ്ങളിലും വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടാകും. മന്ത്രി രാജി വെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും ഓഫീസിലേക്കും സെക്രട്ടറിയേറ്റിലേക്കും അടക്കം നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. അതേസമയം മന്ത്രി രാജിവെക്കേണ്ടതില്ല എന്നാണ് സിപിഎം തീരുമാനം. മന്ത്രിക്ക് പൂർണ്ണപിന്തുണ സംസ്ഥാന സർക്കാരും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്