കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ വേങ്ങര സ്വദേശി മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. വെള്ളയിൽ ബീച്ചിൽ വെച്ച് 1989ൽ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവെച്ചാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നത് സംബന്ധിച്ച പഴയകാല വാർത്തകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അതേ വർഷം നടക്കാവ് പൊലീസ് സ്റ്റേഷനിൽ ബീച്ചിലെ കൊലപാതകത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അയാളെ പിന്നീട് അയാളെ കണ്ടില്ലെന്നും മുഹമ്മദാലി പൊലീസിനോട് പറഞ്ഞു.
ജൂൺ അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പൊലീസിന് മുൻപാകെ കീഴടങ്ങിയത്. മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ താന്‍ കൊന്നതാണെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതം. ശാരീരികമായി ഉപദ്രവിച്ചപ്പോള്‍ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. ആ ആള്‍ തോട്ടില്‍ വീണു. രണ്ടു ദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാള്‍ മരിച്ചു എന്നാണ്. പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. 39 വര്‍ഷത്തിനിപ്പുറം ഈ സംഭവത്തില്‍ കുറ്റസമ്മത മൊഴി നല്‍കിയിരിക്കുകയാണ് മുഹമ്മദലി. പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. പിന്നീട് പത്രവാർത്തകളിലൂടെ ലഭിച്ച സൂചനകൾ വെച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടപോയത്. വർഷം ഇത്രയുമായതിനാൽ ഇതുവരെയ്ക്കും ആരാണ് മരിച്ചതെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഇതിനിടയിലാണ് 1989ലെ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് തന്റെ പണം ഒരാൾ മോഷ്ടിച്ചുവെന്നും അയാളെ ബീച്ചിൽ വെച്ച് കണ്ടപ്പോൾ ‘കഞ്ചാവ് ബാബു’ എന്നയാളുമൊത്ത് കൊലപ്പെടുത്തി എന്നുമാണ് മൊഴി. ‘കഞ്ചാവ് ബാബു’വിനെ പിന്നീട് കണ്ടില്ലെന്നും മുഹമ്മദാലി പറയുന്നു.
കുറ്റകൃത്യം കഴിഞ്ഞ് വർഷം ഏറെ കഴിഞ്ഞതും മരിച്ചയാളുകളെ തിരിച്ചറിയാൻ സാധിക്കാത്തതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്. സാഹചര്യങ്ങളും മൊഴികളും ഏറെക്കുറെ ശരിയായി വരുന്നതായും പൊലീസ് കണ്ടെത്തി. വെളിപ്പെടുത്തൽ നടത്തിയ മുഹമ്മദാലിക്ക് മാനസിക പ്രശ്നമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.