സിസേറിയനും സ്വാഭാവിക പ്രസവവുമായി ബന്ധപ്പെട്ട് പ്രസവ സമയത്തും അതിനുശേഷവുമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംബന്ധിച്ച് നിരവധി കാര്യങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
എന്നാല്‍ ജ്യോതിഷപരമായ കാഴ്ച്ചപ്പാടില്‍ നിന്നുള്ള വിലയിരുത്തലുകള്‍ അധികം കണ്ടിട്ടില്ലെന്ന് പറയാം. ധ്യാന ഗൈഡും ആത്മീയതയിൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു യുവതിയാണ് ഇത്തരമൊരു കാഴ്ച്ചപ്പാടിനെ കുറിച്ച് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആത്മീയമായി കഴിവുള്ളവരാണെന്നാണ് ഈ ധ്യാന ഗൈഡിന്റെ അവകാശവാദം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇത് ഓണ്‍ലൈനില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നിരവധി പേരാണ് പോസ്റ്റിനുതാഴെ പ്രതികരണവുമായി എത്തിയത്.
സിസേറിയന്റെ നിരവധി ആത്മീയ ഗുണങ്ങളും അവര്‍ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
- സ്വാഭാവികമായി ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന ചക്രങ്ങളുണ്ടെന്ന് അവര്‍ പറയുന്നു. മനുഷ്യശരീരത്തിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെയാണ് ചക്രങ്ങള്‍ എന്ന് വിളിക്കുന്നത്. ഹിന്ദു, ബുദ്ധ മതവിശ്വാസങ്ങളില്‍ ഇവയെ കുറിച്ച് പറയുന്നുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ഈ ചക്രങ്ങള്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്നു.
- സി-സെക്ഷനിലൂടെ ജനിക്കുന്ന നവജാത ശിശുക്കളില്‍ ജനനശേഷം അവരുടെ മൂലാധാര ചക്രം (റൂട്ട് ചക്ര) സജീവമാകുന്നില്ല. അതിനാല്‍ കുഞ്ഞിന്റെ ഊര്‍ജ്ജം മുകളിലേക്ക് പോകുന്നു. അത് അവരെ ആത്മീയമണ്ഡലത്തില്‍ അന്തര്‍ലീനമായി കഴിവുള്ളവരാക്കുന്നു. ആത്മാവ് പറയുന്നത് കേള്‍ക്കാനും ആത്മീയ കഴിവുകള്‍ വികസിപ്പിക്കാനും അവര്‍ക്ക് സാധിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
- രണ്ടാമതായി പോസ്റ്റില്‍ പറയുന്നത് സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്വഭാവത്തെ കുറിച്ചാണ്. സ്വാഭാവിക പ്രസവത്തിന്റെ പോരാട്ടത്തിലൂടെ കടന്നുപോകാത്തതിനാല്‍ ഇത്തരം കുഞ്ഞുങ്ങള്‍ വികാരങ്ങള്‍ തുറന്നുപ്രകടിപ്പിക്കുന്നവരായാണ് ലോകത്തിലേക്ക് വരുന്നത്. ഇത് അവരെ കൂടുതല്‍ ലോലമനസ്സുള്ളവരാക്കുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ പെട്ടെന്ന് വേദനിപ്പിക്കാനും കഴിയും.
- സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആത്മീയ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് അവബോധമുള്ളവരും മാനസിക അല്ലെങ്കില്‍ ആത്മീയപരമായി രോഗശാന്തി നല്‍കാന്‍ ശക്തിയുള്ളവരോ ആയി മാറിയേക്കുമെന്നും അവര്‍ പറയുന്നു.
- അവിശ്വസനീയമാംവിധം സഹാനുഭൂതിയുള്ളവരും ലോലഹൃദയമുള്ളവരും ആയിരിക്കും ഇവര്‍. സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവനത്തിനായി ചുറ്റുപാടുമുള്ള ഊര്‍ജ്ജവുമായി പൊരുത്തപ്പെടുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അതായത് അവര്‍ മറ്റുള്ളവരുമായി വളരെ വേഗത്തില്‍ പൊരുത്തപ്പെടും. അവര്‍ അങ്ങേയറ്റം ഉദാരമതികളും നിസ്വാര്‍ത്ഥരുമായിരിക്കുമെന്നും പോസ്റ്റ് അവകാശപ്പെടുന്നു.
- സി-സെക്ഷനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിലെ സവിശേഷതകള്‍ കേട്ട് നിരവധിയാളുകള്‍ അദ്ഭുതം പ്രകടിപ്പിച്ചു. സ്വാഭാവികമായി പ്രസവിക്കാനുള്ള കഴിവിനെ ആത്മീയതയുടെ പേരില്‍ മറികടക്കാന്‍ ശ്രമിക്കരുതെന്ന് ഒരാള്‍ പ്രതികരിച്ചു. സി-സെക്ഷന്‍ ഒരു ലക്ഷ്യമല്ലെന്നും അതിനെ സാധാരണ വല്‍ക്കരിക്കരുതെന്നും മറ്റൊരാള്‍ പറഞ്ഞു. നിര്‍ണായക സാഹചര്യങ്ങളില്‍ അത് ഒരു അദ്ഭുതകരമായ ഓപ്ഷന്‍ മാത്രമാണെന്നും മറ്റൊരാള്‍ കുറിച്ചു.
- സിസേറിയന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിനെ ചിലര്‍ വിമര്‍ശിച്ചു. ഇത് പൂര്‍ണ്ണമായും തെറ്റായ ആശയമാണെന്നും സ്വാഭാവികമല്ലാത്ത പ്രസവ പ്രക്രിയ എങ്ങനെയാണ് ആത്മീയമാകുന്നതെന്നും അയാള്‍ ചോദിച്ചു. നിങ്ങള്‍ സി-സെക്ഷന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അയാള്‍ പ്രതികരിച്ചു.
content highlight: C-Secction