പുറത്ത് നല്ല മഴ പെയ്യുമ്പോൾ ചൂടോടെ കഴിക്കാൻ നല്ല നാടൻ കപ്പ പുഴുക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- കപ്പ – 1 കിലോ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- വെളുത്തുള്ളി – 5 അല്ലി
- ചെറിയ ഉള്ളി – 5 എണ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 1 തണ്ട്
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- വറ്റൽമുളക് – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. നന്നായി കഴുകി വൃത്തിയാക്കിയ കപ്പ കഷ്ണങ്ങൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞ് കപ്പ മാറ്റി വെക്കുക.
അരപ്പ് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു മിക്സിയുടെ ജാറിൽ വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഒന്ന് ചതച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളക് ചതച്ചത് ചേർത്ത് മൂപ്പിക്കുക. ശേഷം ഇതിലേക്ക് അരപ്പ് ചേർത്ത് വഴറ്റുക. വേവിച്ചു വെച്ച കപ്പയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ചെറിയ തീയിൽ 5-7 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.