സാംസങ്ങിന്റെ പുതിയ രണ്ടു മോഡല്‍ ഫോണുകള്‍ ഒരാഴ്ചയ്ക്കകം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്സി ഇസഡ് ഫോള്‍ഡ് 7, ഗാലക്സി ഫ്‌ലിപ്പ് 7 എന്നി പേരുകളിലാണ് ഫോണുകള്‍. ഗാലക്സി അണ്‍പാക്ക്ഡ് 2025 ഇവന്റിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുക.
രണ്ട് ഫോണുകളുടെയും പ്രീ-ഓര്‍ഡറുകള്‍ ഇതിനകം ആരംഭിച്ചു. സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7ന് ഇന്ത്യയില്‍ 1,69,990 രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. അതേസമയം, ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 7ന് ഫോള്‍ഡ് പതിപ്പിനേക്കാള്‍ വില കുറവായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ 98,990 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1,999 രൂപ നല്‍കി ഫോണ്‍ ബുക്ക് ചെയ്തിടാം.
എഐയില്‍ പ്രവര്‍ത്തിക്കുന്ന കാമറ ഫീച്ചറുകളോടെയായിരിക്കും സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7 വിപണിയില്‍ എത്തുക. മുന്‍ഗാമിയുടേതിന് സമാനമായി ലംബമായി വിന്യസിച്ചിരിക്കുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണത്തോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ടെക്സ്റ്റ്, മള്‍ട്ടിമോഡല്‍ ഇന്‍പുട്ടുകള്‍ എന്നിവ പ്രോസസ്സ് ചെയ്യാന്‍ കഴിവുള്ള മെച്ചപ്പെടുത്തിയ എഐ പ്രവര്‍ത്തനക്ഷമത ഗാലക്സി ഇസഡ് ഫോള്‍ഡ് 7ല്‍ ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും സംവദിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.
സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറും 25W ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുള്ള 4,400mAh ബാറ്ററിയോട് കൂടിയ ഫോണായിരിക്കും ഗാലക്സി ഇസഡ് ഫോള്‍ഡ് 7 എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ മടക്കാവുന്ന ഫോണായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അണ്‍ഫോള്‍ഡ് ചെയ്യുമ്പോള്‍ ഇതിന് 3.9mm കനവും ഫോള്‍ഡ് ചെയ്യുമ്പോള്‍ 8.9mm കനവും മാത്രമേ ഉണ്ടാവൂ.
content highlight: Samsung