കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായി. സ്‌കിന്‍ ബാങ്കിനാവശ്യമായ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലൈ 15ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിന്‍ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങള്‍ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന ചര്‍മ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിന്‍ ബാങ്ക്. അപകടങ്ങളില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് അവരുടെ സ്വന്തം ചര്‍മ്മം ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, സ്‌കിന്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ചര്‍മ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നു. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തില്‍ സുഖം പ്രാപിക്കാനും ജീവന്‍ രക്ഷിക്കാനും സഹായിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ബേണ്‍സ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടി ബേണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ബേണ്‍സ് യൂണിറ്റുകള്‍ സ്റ്റാന്റേഡൈസ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജുകളിലെ ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്.
CONTENT HIGH LIGHTS;Kerala’s first skin bank at Thiruvananthapuram Medical College: World-class advanced treatment system for burn victims; inauguration on World Plastic Surgery Day