കോഴിക്കോട്: ഈ മാസം 24 മുതല്‍ ആരംഭിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ കയാക്കിങ് മത്സരക്രമം തയ്യാറായി. ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍നിര കയാക്കിങ് താരങ്ങളും മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കുന്നുണ്ട്.
കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), ജില്ലാപഞ്ചായത്ത് കോഴിക്കോട്, എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍.ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്‍റെ (ഐ.കെ.സി.എ) സാങ്കേതിക സഹായവും മത്സരത്തിനുണ്ട്.
ലോക കയാക്കിങ് രംഗത്തെ ഏറ്റവും പ്രമുഖ താരങ്ങളാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ എത്തുന്നതെന്ന് സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള സാഹസികവിനോദ മേഖല കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്തെ സാഹസികവിനോദങ്ങളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പുലിക്കയം, പുല്ലൂരാംപാറ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ പ്രധാനമായും നടക്കുന്നത്. ഉദ്ഘാടന ദിവസമായ ജൂലൈ 24ന് മീന്‍തുള്ളിപാറയില്‍ പ്രദര്‍ശന കയാക്കിങ്ങും രജിസ്ട്രേഷനും നടക്കും. പുരുഷ-വനിതാ ഇനങ്ങളിലെ ഇന്‍റര്‍മീഡിയറ്റ് മത്സരങ്ങള്‍ ജൂലൈ 25നും പ്രൊഫഷണല്‍ മത്സരങ്ങള്‍ 26 നുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. പുരുഷ-വനിത വിഭാഗങ്ങളില്‍ ഡൗണ്‍റിവര്‍ സൂപ്പര്‍ ഫൈനല്‍ മത്സരങ്ങള്‍ 27നു നടക്കും. പ്രശസ്ത വെബ് സീരീസിനെ അനുസ്മരിപ്പിച്ച് ഗെയിം ഓഫ് തോര്‍ണ്‍സ് എന്നാണ് മത്സരങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
അന്തര്‍ദേശീയ കയാക്കിങ് രംഗത്തെ അതികായരായ ആന്‍റണ്‍ സ്വേഷിങ്കോവ്, ദാരിയ കുസിഷ്ചേവ, റയാന്‍ ഒകോര്‍ണര്‍,(റഷ്യ), മനു വാക്കര്‍നെഗല്‍, സാക് സ്റ്റോണ്‍സ്, മിലി ചേംബര്‍ലിന്‍, ദയാലാ വാര്‍ഡ്, ഫിലിപ് പാല്‍സര്‍(ന്യൂസിലാന്‍ഡ്), പാട്രിക് ഷീഹാന്‍, ജോയ് ടോഡ് (യൂ എസ് എ), കിലിയന്‍ ഇവേലിക് (ചിലി), ജില്ലി ജൂസ്(ബെല്‍ജിയം), മാരിയ (ഇറ്റലി) തുടങ്ങിയവര്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ ഐക്കണ്‍ താരങ്ങളാണ്. പുറമേ നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ കയാക്കിങ് താരങ്ങളും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനു മുന്നോടിയായി കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍, മുക്കം മുന്‍സിപ്പാലിറ്റി എന്നിവിയടങ്ങളിലായി വണ്ടി പൂട്ട്, മീന്‍പിടുത്തം, മഴനടത്തം, മഡ് ഫുട്ബോള്‍, ഫുട്ബോള്‍, മഴയാത്ര, കബഡി, ബാഡ്മിന്‍റണ്‍, വടംവലി, ടൂറിസം സെമിനാര്‍, സൈക്ലിംഗ്, കാളപൂട്ട് തുടങ്ങിയ ആകര്‍ഷകരമായ പരിപാടികള്‍ നടത്തി വരുന്നുണ്ട്. ഇതിനു പുറമെ കല്‍പ്പറ്റ(വയനാട്), അരിക്കോട്(മലപ്പുറം), മാനാഞ്ചിറ(കോഴിക്കോട്) എന്നിവിടങ്ങളില്‍ നിന്ന് ജൂലായ് 20 ന് സൈക്കിള്‍ റാലികള്‍ പുറപ്പെട്ട് പുലിക്കയം കയാക്കിങ് സെന്‍ററില്‍ എത്തിച്ചേരും. ഓരോ സൈക്കിള്‍ റാലിയിലും 100 പേര്‍ വീതമാണ് പങ്കെടുക്കുന്നത്.
content highlight: Malabar River Festival