ഗോവയിൽ അവധിക്കാലം ചിലവഴിച്ച് മലയാള സിനിമാ താരം അനശ്വര രാജന്‍. ഗോവയിലെ ബീച്ചിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മ്യൂസിയം ഓഫ് ഗോവയിൽ നിന്നുള്ള ചിത്രങ്ങളും അസ്തമയ സൂര്യനോടൊപ്പം താരം ഉല്ലസിക്കുന്നതും പോസ്റ്റിൽ കാണാം.
സാധാരണ ടൂറിസ്റ്റ് സീസണിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരനുഭവമാണ് ഗോവയിലെ മഴക്കാലം സഞ്ചാരികൾക്ക് നൽകുന്നത്. ‘‘ഇതും കണ്ട് ആരും കേരളത്തിലെ കടൽത്തീരങ്ങളിൽ ഇറങ്ങാൻ പോകരുതേ…മഴക്കാലമാണ് കടലുകൾ കലിപ്പിലാണ്. ജീവൻ പോകും. ശ്രദ്ധിക്കണേ…’’ എന്ന മുന്നറിയിപ്പും ആരാധകർ കുറിക്കുന്നുണ്ട്. ഈ സമയത്ത് ഗോവയിൽ വിനോദസഞ്ചാരികൾ സാധാരണ കുറവായിരിക്കും. ഓഫ് സീസൺ ആയതുകൊണ്ടു തന്നെ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസത്തിന് വലിയ കിഴിവുകൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ലക്ഷ്വറി റിസോർട്ടുകൾ പോലും വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമായേക്കാം. കടൽ പ്രക്ഷുബ്ധമായതുകൊണ്ട്, ഈ സമയത്ത് ജലവിനോദങ്ങള്‍ ഒന്നും മിക്കവാറും ഉണ്ടാകില്ല. കടല്‍ വിട്ട്, കരയിലെ കാഴ്ചകള്‍ കാണാനും അറിയാനും ഉള്ള സമയമാണ് ഇത്. ഗോവയിലെ മലനിരകളും വെള്ളച്ചാട്ടങ്ങളും ചരിത്രപരമായ സ്ഥലങ്ങളുമെല്ലാം ഈ സമയത്ത് സന്ദര്‍ശിക്കാം. കുറഞ്ഞ ബജറ്റിൽ ഗോവ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ജാഗ്രതയോടെ പോകാം.
ഗോവയുടെ ആത്മാവുറങ്ങുന്ന മ്യൂസിയങ്ങള്‍
പച്ചപ്പാര്‍ന്ന പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾക്കപ്പുറം, ഗോവയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും അടുത്തറിയാൻ സഹായിക്കുന്ന നിരവധി മ്യൂസിയങ്ങളുണ്ട്. ഈ മഴക്കാലത്ത് ഗോവയിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചാലോ?
1. പുരാവസ്തു മ്യൂസിയം
ചരിത്രാതീത കാലഘട്ടത്തിലെയും മധ്യകാലഘട്ടത്തിലെയും പുരാവസ്തുക്കളുടെ മനോഹരമായ ശേഖരം ഇവിടെയുണ്ട്. ഒരുകാലത്ത് ഒരു പുരാതന ഫ്രാൻസിസ്കൻ മൊണാസ്ട്രിയായിരുന്നു ഈ മ്യൂസിയം. 1964 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ മ്യൂസിയം സ്ഥാപിച്ചെങ്കിലും 1984 ന് ശേഷമാണ് ഇത് അംഗീകരിക്കപ്പെട്ടത്.
ആകര്‍ഷണങ്ങള്‍: നാണയങ്ങൾ, പ്രതിമകൾ, ആനക്കൊമ്പ്, മര ശിൽപങ്ങൾ, പെയിന്‍റിംഗുകൾ, ഛായാചിത്രങ്ങൾ, ഭൂപടങ്ങൾ, ലിഖിതങ്ങൾ, ശിലാഫലകം, സെറാമിക്സ്
സ്ഥലം: പനാജി, ഗോവ
സമയം: ദിവസവും രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ; വെള്ളിയാഴ്ചകളിൽ അടയ്ക്കും
പ്രവേശന ഫീസ് ഉണ്ട്.
2. നേവൽ ഏവിയേഷൻ മ്യൂസിയം
ഇന്ത്യൻ നാവികസേനയുടെ ചരിത്രവും വിമാനങ്ങളുടെ പരിണാമവും അടുത്തറിയാൻ സഹായിക്കുന്ന, ഏഷ്യയിലെ ആദ്യത്തെ നേവൽ ഏവിയേഷൻ മ്യൂസിയമാണിത്. വിവിധതരം യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നാവിക ഉപകരണങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
പ്രധാന ആകർഷണങ്ങൾ: പഴയകാല യുദ്ധവിമാനങ്ങൾ, വിമാന എഞ്ചിനുകൾ, നാവികസേനയുടെ യൂണിഫോമുകൾ.
സ്ഥലം: ദാബോലിം, വാസ്കോ ഡാ ഗാമ.
പ്രവേശന ഫീസ്: ₹20
സമയം: ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ: രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ (തിങ്കളാഴ്ചകളിൽ അടച്ചിരിക്കും).
3. മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്
700 വർഷത്തിലേറെ പഴക്കമുള്ള ഒരു കോൺവെന്‍റിനോട് ചേർന്നാണ് സാന്താ മോണിക്കയിലെ മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട് സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഗോവ ഭരിച്ചിരുന്ന കാലഘട്ടത്തിലെ ക്രിസ്ത്യൻ കലാവസ്തുക്കളുടെ ഒരു മികച്ച ശേഖരം ഇവിടെയുണ്ട്. 1994 ൽ ഗോവ അതിരൂപതയുടെ സഹായത്തോടെ സ്ഥാപിതമായ ഈ അതിമനോഹരമായ മ്യൂസിയത്തിന് പോർച്ചുഗീസ് അസോസിയേഷനും ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഓഫ് ആർട്ട് ആൻഡ് കൾചറൽ ഹെറിറ്റേജും സംയുക്തമായി ധനസഹായം നൽകി. സ്വർണം, വെള്ളി, മരം, ആനക്കൊമ്പ് എന്നിവയിൽ തീർത്ത രൂപങ്ങൾ, ശില്പങ്ങൾ, ചിത്രങ്ങൾ എന്നിവ ഇവിടെ കാണാം.
പ്രധാന ആകർഷണങ്ങൾ: സെന്‍റ് കാതറീൻ ഓഫ് അലക്സാണ്ട്രിയയുടെ പ്രതിമ, അൽത്താര അലങ്കാരങ്ങൾ.
സ്ഥലം: ഓൾഡ് ഗോവ, വെൽഹ ഗോവ.
പ്രവേശന ഫീസ്: മുതിർന്നവർക്ക് 30 രൂപ, വിദ്യാർത്ഥികൾക്ക് 10 രൂപ.
സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ (ഞായറാഴ്ചകളിൽ അടച്ചിരിക്കും)
4. ഹൗസസ് ഓഫ് ഗോവ മ്യൂസിയം
ഗോവയുടെ തനതായ വാസ്തുവിദ്യയും ഭവന നിർമ്മാണ രീതികളും പരിചയപ്പെടുത്തുന്ന ഈ മ്യൂസിയം ഒരു കപ്പലിന്‍റെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിലെ വീടുകളുടെ ഒരു മനോഹരമായ ശേഖരം ഇവിടെയുണ്ട്.
പ്രധാന ആകർഷണങ്ങൾ: പോർച്ചുഗീസ് വാസ്തുവിദ്യ ഗോവൻ ജീവിതശൈലിയുടെ ഭാഗമായി മാറിയ പഴയ കാലഘട്ടത്തിലെ ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, വാതിൽ, ജനൽ ഫ്രെയിമുകൾ, റെയിലിംഗുകൾ, സെറാമിക് ടൈലുകൾ തുടങ്ങിയവയാണ്.
സ്ഥലം: ആൾട്ടോ പോർവോറിം പെൻഹ ഡി ഫ്രാൻസ, ഗോവ.
പ്രവേശന ഫീസ്: മുതിർന്നവർക്ക് 100 രൂപ, കുട്ടികൾക്ക് 25 രൂപ.
സമയം: ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ: രാവിലെ 10:00 മുതൽ വൈകുന്നേരം 7:30 വരെ
5. ഗോവ ചിത്ര മ്യൂസിയം
ഗോവയുടെ ഗ്രാമീണ ജീവിതരീതിയും പരമ്പരാഗത കാർഷിക ഉപകരണങ്ങളും കരകൗശല വസ്തുക്കളുമാണ് ഇവിടെയുള്ളത്. 2010 ൽ സ്ഥാപിതമായ ഈ മ്യൂസിയത്തില്‍ ഏകദേശം 4000-ത്തിലധികം പുരാതന വസ്തുക്കളുണ്ട്.
പ്രധാന ആകർഷണങ്ങൾ: പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, പാചക ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ.
സ്ഥലം: മൊംഗുൾ, ബെനൗലിം.
പ്രവേശന ഫീസ്: ₹300 (ഇന്ത്യക്കാർക്ക്).
സമയം: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ
6. ബിഗ് ഫൂട്ട് മ്യൂസിയം / ആൻസിസ്ട്രൽ ഗോവ
ഗോവൻ ഗ്രാമീണ ജീവിതത്തിന്‍റെ ഒരു പുനരാവിഷ്കാരമാണ് ഈ ഓപ്പൺ എയർ മ്യൂസിയം. ഗോവൻ ജനതയുടെ പാരമ്പര്യവും ജീവിതരീതിയും കലാരൂപങ്ങളും ഇവിടെ ദൃശ്യവത്കരിച്ചിരിക്കുന്നു.
പ്രധാന ആകർഷണങ്ങൾ: പരമ്പരാഗത ഗോവൻ വീടുകൾ, കൈത്തൊഴിൽ പ്രകടനങ്ങൾ, മിറർ മേസ്.
സ്ഥലം: ലൗടോലിം.
പ്രവേശന ഫീസ്: മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും.
സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ
7. പിലാർ മ്യൂസിയം
പനാജിമിൽ നിന്ന് 12 കിലോമീറ്റർ തെക്ക് പിലാർ കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഗോവയുടെ സാമുദായിക ഐക്യത്തിന്‍റെ പാരമ്പര്യം പ്രകടമാക്കുന്നു. പിലാറിന് ചുറ്റും കണ്ടെത്തിയ എല്ലാ മതങ്ങളുടെയും പുരാവസ്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
പ്രധാന ആകർഷണങ്ങൾ: നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങൾ, കദംബരുടെ മുദ്ര, റോമൻ ആംഫോറ, വിവിധ പോർച്ചുഗീസ് പെയിന്‍റിംഗുകൾ തുടങ്ങിയ രസകരമായ ചില പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു.
സ്ഥലം: ഫാ. ആഗ്നൽ ചർച്ച്, പിലാർ, ഗോവ
സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയും വൈകുന്നേരം 2:00 മുതൽ 5:00 വരെയും (തിങ്കൾ, ഞായർ ദിവസങ്ങളിൽ അടച്ചിരിക്കും).
8. സാൻ തോം മ്യൂസിയം
തോമസ് ആൽവ എഡിസന്‍റെ കാലം മുതൽക്കുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിണാമം പ്രദർശിപ്പിക്കുന്നതിനാണ് സാൻ തോം മ്യൂസിയം സ്ഥാപിച്ചത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ ഇന്നുവരെ ഉപയോഗിച്ച സാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
സ്ഥലം: ഡാബോലിം – കാവെലോസിം റോഡ്, ചാഡ്വാഡോ, സമയം: രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ
പ്രവേശന ഫീസ്: മുതിർന്നവർക്ക് 150 രൂപ, വിദേശികൾക്ക് 200 രൂപ.
9. പലാസിയോ ഡോ ഡിയാവോ
ഗോവയുടെ പോർച്ചുഗീസ് കൊളോണിയൽ ചരിത്രത്തിന്‍റെ തെളിവായി ഇന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു മനോഹരമായ മാളികയാണ് ഇത്. സമൃദ്ധമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ കൊട്ടാരം ഇപ്പോൾ ആകർഷകമായ ഒരു പൈതൃക ഹോംസ്റ്റേയായും ഒരു സാംസ്കാരിക കേന്ദ്രമായും പ്രവർത്തിക്കുന്നു.
സ്ഥലം: ക്യൂപെം, ഗോവ
സമയം : എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ. ബുധനാഴ്ച അടച്ചിരിക്കുന്നു.
പ്രവേശന ഫീസ്: സാധാരണയായി പ്രവേശന ഫീസ് ഒരു പ്രത്യേക പാക്കേജിന്‍റെ ഭാഗമായിരിക്കും, ഇതിൽ ഭക്ഷണവും ഉൾപ്പെടാം. സന്ദർശിക്കുന്നതിന് മുമ്പ് ബുക്ക് ചെയ്യുന്നത് നന്നായിരിക്കും.
10. ബെൻസ് സെലിബ്രിറ്റി വാക്സ് മ്യൂസിയം
സിനിമ, കായികം, രാഷ്ട്രീയം, സംഗീതം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തികളുടെ മെഴുക് പകർപ്പുകൾ ഇവിടെ കാണാം.
പ്രധാന ആകർഷണങ്ങൾ: പ്രശസ്ത വ്യക്തികളുടെ മെഴുക് പ്രതിമകൾ, സിനിമാ താരങ്ങൾ, രാഷ്ട്രീയക്കാർ, കായിക താരങ്ങൾ എന്നിവരുടെ രൂപങ്ങൾ.
സ്ഥലം: അർപോറ, ഗോവ
സമയം: രാവിലെ 10:00 മുതല്‍ രാത്രി 10:00 വരെ.