World

40 വർഷം കൂടി ജീവിച്ചിരിക്കുമെന്നാണ് കരുതുന്നത്, ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്ന് ദലൈലാമ

താൻ 30 മുതൽ 40 വർഷം കൂടി ജീവിച്ചിരിക്കുമെന്നാണ് കരുതുന്നതെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. നാളെ നടക്കാനിരിക്കുന്ന 90ാം ജന്മദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു ചടങ്ങിൽ വച്ചാണ് ദലൈലാമ ഇക്കാര്യം പറഞ്ഞത്.

തന്റെ ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘നിരവധി പ്രവചനങ്ങൾ നോക്കുമ്പോൾ, അവലോകിതേശ്വരന്റെ അനുഗ്രഹം ഉണ്ടെന്നു മനസ്സിലാകുന്നു. ഇതുവരെ പരമാവധി കാര്യങ്ങൾ ചെയ്തു. 30-40 വർഷം കൂടി ഞാൻ ജീവിച്ചിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ പ്രാർഥനകൾ സഹായിക്കുന്നു- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം തന്റെ മരണശേഷം പുനർജന്മം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നേരത്തേ, രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ 110 വയസ് വരെ ജീവിച്ചിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അതേസമയം 15–ാം ദലൈലാമയെ കണ്ടെത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലി ദലൈലാമയും ചൈനീസ് സർക്കാരും തമ്മിൽ നിലവിൽ തർക്കം നിലനിൽക്കുകയാണ്.