കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഗ്രാന്‍ഡ് ഹയാത്തില്‍ ശനിയാഴ്ച്ച നടന്ന സീസണ്‍ 2 കളിക്കാരുടെ ലേലം വിജയകരമായി പൂര്‍ത്തിയായി. തികഞ്ഞ പ്രൊഫഷണലിസത്തിന്റെയും മത്സര മനോഭാവത്തിന്റെയും തന്ത്രപരമായ നീക്കങ്ങളുടെയും ശ്രദ്ധേയമായ പ്രകടനമാണ് താര ലേലത്തിലുടനീളം ഉണ്ടായത്. വളരെ തീവ്രവും വാശിയേറിയതുമായിരുന്നു ലേല പ്രക്രിയ. ഫ്രാഞ്ചൈസികള്‍ മാര്‍ക്യൂ സൈനിംഗുകള്‍ നേടുന്നതിനും മികച്ച സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനും തന്ത്രപരമായി മത്സരിച്ചു. കേരളത്തിലെ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഉയര്‍ന്നുവരുന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഫ്രാഞ്ചൈസികള്‍ കാഴ്ചവെച്ച ഊര്‍ജ്ജവും ആസൂത്രണവും. താരലേല പ്രക്രിയയില്‍ ഏറെ അഭിമാനം പ്രകടിപ്പിച്ച കെസിഎ ഭാരവാഹികള്‍ പ്രക്രിയയിലുടനീളം കണ്ട ആവേശവും സൂക്ഷ്മമായ ടീം ബില്‍ഡിങ് ശ്രമങ്ങളും കേരളം ഈ ലീഗിന് തയ്യാറാണെന്ന് മാത്രമല്ല, അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്നുമുള്ള തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്നും പറഞ്ഞു.
ഓഗസ്റ്റ് 21നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തുടക്കമാകുന്നത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബില്‍ കെസിഎ പുതുതായി സ്ഥാപിച്ച എല്‍ഇഡി ഫഌ്‌ലൈറ്റുകള്‍ക്ക് കീഴിലാണ് ലീഗ് മത്സരങ്ങള്‍ നടക്കുക. ഓരോ ദിവസവും രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടായിരിക്കും. ഒന്ന് ഉച്ചയ്ക്ക് 2:30 നും മറ്റൊന്ന് വൈകുന്നേരം 6:45 നും. എല്ലാ ഗെയിമുകളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3ലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ലൂടെ 14 ദശലക്ഷം പേരും ഫാന്‍കോഡില്‍ 2.4 ദശലക്ഷം പേരും ഏഷ്യാനെറ്റ് പ്ലസിലെ രണ്ട് സംപ്രേക്ഷണങ്ങളിലൂടെ 2 ദശലക്ഷം പേരും മത്സരങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ക്ക് എല്ലാ മത്സരങ്ങളിലേക്കും പ്രവേശനം ഇത്തവണയും സൗജന്യമായിരിക്കും. എന്നിരുന്നാലും, സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ കൂപ്പണുകള്‍ വഴിയായിരിക്കും പ്രവേശനം. ടിക്കറ്റിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്
ഈ സീസണില്‍, ക്രിക്കറ്റിനപ്പുറം സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിക്കാന്‍ കെസിഎല്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കേരള ടൂറിസവുമായി സഹകരിച്ച്, ‘ക്രിക്കറ്റ് ടൂറിസം’ എന്ന ആശയം മുന്നോട്ടുവെയ്ക്കാനുള്ള സാധ്യത ആരായുകയാണ്. ഇതിന് പുറമേ കേരളത്തിലെ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷങ്ങളുമായി സഹകരിക്കാനും കെസിഎല്‍ ലക്ഷ്യമിടുന്നു. കെസിഎല്ലിന്റെ പരിപാടികളില്‍ ആരാധകരെയും സമൂഹത്തിന്റെയുമാകെ പങ്കാളിത്തത്തോടെ സാമൂഹിക അവബോധ കാമ്പെയ്‌നുകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഡിജിറ്റല്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി, മാസ്‌കോട്ട് അധിഷ്ഠിത ആനിമേറ്റഡ് കോണ്ടന്റ് തയ്യാറാക്കാനായി കെസിഎല്‍ ടൂണ്‍സ് ആനിമേഷന്‍ ഇന്ത്യയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, കൂടാതെ ക്രിക്കറ്റ് പ്രേമികളെ കളിയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് ഒരു പുതിയ ഫാന്‍ എന്‍ഗേജ്‌മെന്റ് ആപ്പും വികസിപ്പിച്ചിട്ടുണ്ട്.
കെസിഎല്ലിന്റെ സ്വാധീനം പിച്ചിനും അപ്പുറത്തേക്ക് വ്യാപിക്കുന്നു. സീസണ്‍ 1 ല്‍ മാത്രം, ലീഗ് 700ലധികം നേരിട്ടുള്ള ജോലികളും 2,500ലധികം പരോക്ഷ ഉപജീവന അവസരങ്ങളും സൃഷ്ടിച്ചു. മീഡിയ, ഇവന്റ് മാനേജ്‌മെന്റ് റോളുകളിലെ സപ്പോര്‍ട്ട് സ്റ്റാഫുകളില്‍ നാല്‍പ്പത് ശതമാനവും സ്ത്രീകളായിരുന്നു, ഈ വര്‍ഷം, സ്‌റ്റേഡിയത്തിനുള്ളില്‍ ഫുഡ് കോര്‍ട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആദ്യ സീസണില്‍ ലീഗിന്റെ സാമ്പത്തിക സംഭാവന 30 കോടി രൂപയായി കണക്കാക്കപ്പെടുന്നു, ഇത് ഹോട്ടലുകള്‍, ടാക്‌സികള്‍, കാറ്ററിങ്ങുകാര്‍, മീഡിയ ഏജന്‍സികള്‍, പ്രിന്റിംഗ് പ്രസ്സുകള്‍, ഡിജിറ്റല്‍ കണ്ടന്റ് സ്രഷ്ടാക്കള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക ബിസിനസുകളുടെ വിശാലമായ ശൃംഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.