പകരച്ചുങ്കത്തില്‍ യുഎസ് നിലപാട് വ്യക്തമാക്കിക്കൊണ്ട് 12 രാജ്യങ്ങള്‍ക്കുള്ള കത്തുകള്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്താന്‍ ലക്ഷ്യമിടുന്ന താരിഫ് നിരക്കുക്കള്‍ വ്യക്തമാക്കുന്ന കത്തുകളില്‍ ഒപ്പുവച്ചെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ നേരിടേണ്ടിവരുന്ന താരിഫ് നിരക്കുകള്‍ വിശദീകരിക്കുന്ന 12 രാജ്യങ്ങളെ അഭിസംബോധന ചെയ്ത കത്തുകളില്‍ ഒപ്പുവച്ചെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
‘ഞാന്‍ ചില കത്തുകളില്‍ ഒപ്പുവച്ചു, അവ തിങ്കളാഴ്ച പുറത്തിറങ്ങും’ വ്യത്യസ്ത തുകകളും വ്യത്യസ്ത താരിഫ് നിരക്കുകളും ആയിരിക്കും അവയില്‍.’ എന്നാണ് ട്രംപിന്റെ വാക്കുകൾ. എന്നാല്‍ 12 കത്തുകള്‍ എന്ന് വ്യക്തമാക്കുമ്പോള്‍ ഏതെല്ലാം രാജ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ഈ കത്തുകള്‍ എന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപ് പകരച്ചുങ്കം നിലവില്‍ വരാനിരിക്കെയാണ് നിര്‍ണായക പ്രതികരണം. 10 മുതല്‍ 70 ശതമാനം വരെയാണ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ഉയര്‍ന്ന തീരുവ പിന്‍വലിക്കാന്‍ അമേരിക്കയുമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് മുതിരുകയും ചെയ്തിരുന്നു. രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌വാന്‍ മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വരെയുണ്ടെന്നാണ് വിലയിരുത്തല്‍. ജൂലൈ ഒമ്പതാണ് പകരച്ചുങ്കം സംബന്ധിച്ച വിഷയത്തില്‍ ട്രംപ് നിശ്ചയിച്ചിരിക്കുന്ന സമയ പരിധി. ‘സ്വീകരിക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക’ എന്നതാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
STORY HIGHLIGHT : signed-12-trade-letters-says-us-president-donald-trump