വാഷിങ്ടൺ: ഡോണള്‍ഡ് ട്രംപുമായി ഉടക്കിപ്പിരിഞ്ഞതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ (poll) മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക് വിമർശിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായക നീക്കമായാണ് ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’. വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയത്. യുഎസ് പ്രതിനിധി സഭയില്‍ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലും സെനറ്റില്‍ ഒരുവോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലുമാണ് ബില്‍ പാസായത്. നികുതി ഇളവുകള്‍, സൈനിക കുടിയേറ്റ നിര്‍വഹണ ചെലവുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ നിയമത്തില്‍ ഉള്‍പ്പെടുന്നു.
















