ടെക്സസ്: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണം 51 ആയി. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും കാണാതായ 27 കുട്ടികളെ കണ്ടെത്താനായില്ല. മേഖലയില്‍ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. മരണസംഖ്യ ഗണ്യമായി ഉയർന്നേക്കും.
ഇതേ പ്രദേശത്തു തന്നെ വീണ്ടും 10 ഇഞ്ച് വരെ മഴയാണ് പ്രവചിക്കപ്പെടുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഈ വാരാന്ത്യത്തില്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
ടെക്‌സസ് ഹിൽ കൺട്രി പ്രവിശ്യയിലാണ് മണിക്കൂറുകൾക്കകം കനത്ത മഴയുണ്ടായത്. കെർ കൗണ്ടിയിലുണ്ടായ തീവ്രമഴയിൽ ഗ്വാഡലൂപ് കരകവിഞ്ഞു. 45 മിനിറ്റിൽ ജലനിരപ്പ് 26 അടി ഉയർന്നു. മൂന്ന് മുതൽ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ്പെയ്‌തത്. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്‌തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്. പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നില്ല.
27ഓളം പേര്‍ക്കുള്ള തിരച്ചിലാണ് നടക്കുന്നത്. ഇതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 850ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് ടെക്‌സസ് സംസ്ഥാനം പറയുന്നത്. തിരച്ചില്‍ കഴിഞ്ഞ് എത്തുന്നവര്‍ക്കായി ഒരു റീ യൂണിഫിക്കേഷന്‍ സെന്റര്‍ കാല്‍ഗറി ടെംപിള്‍ ചര്‍ച്ചില്‍ തുറന്നിട്ടുമുണ്ട്. കുട്ടികളുടെ മാതാപിതാക്കളടക്കം അവിടെയുണ്ട്.
തുടര്‍ച്ചയായ തിരച്ചിലാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണര്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ഭരണകൂടവും ടെക്‌സസ് സ്റ്റേറ്റും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ടെക്‌സസ് സംസ്ഥാനം ഫെഡറല്‍ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചു. ഇത് അംഗീകരിക്കുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞിട്ടുണ്ട്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അധികം വൈകാതെ അവിടെ എത്തിച്ചേരുമെന്നും ട്രംപ് അറിയിച്ചു.