കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴു മണിയോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മയേയും ആശ്വസിപ്പിച്ച മന്ത്രി സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടാകും എന്ന് ഉറപ്പുനല്‍കി.
മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് രാവിലെ മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.
കുടുംബത്തിന് എന്തെല്ലാം ആവശ്യങ്ങളുണ്ടോ അതെല്ലാം സര്‍ക്കാര്‍ ചെയ്തുതരുമെന്നും ബിന്ദുവിന്റെ മകളുടെ തുടര്‍ചികിത്സ കുടുംബം എവിടെയാണോ ആവശ്യപ്പെടുന്നത് അവിടെ ചെയ്യാന്‍ വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി.
‘അത്യന്തം ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. ഹൃദയഭേദകമായ ഒരു അവസ്ഥയാണ്. ഈ കുടുംബത്തിന്റെ ദുഃഖം എന്റേയുംകൂടിയാണ്. ബിന്ദുവിന്റെ അമ്മയേയും ഭര്‍ത്താവിനേയും മക്കളെയും കണ്ടു. അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. സര്‍ക്കാര്‍ പൂര്‍ണമായും അവര്‍ക്കൊപ്പം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകും,’ മന്ത്രി പറഞ്ഞു.