കോഴിക്കോട്: മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്‌പറമ്പിൽ മുഹമ്മദലി ഇരട്ടക്കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഏഴാംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. അന്വേഷണം ഇരിട്ടിയിലേക്കും പാലക്കാടേക്കും തിരുവമ്പാടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടാകാം എന്ന സഹോദരന്റെ വെളിപ്പെടുത്തലും പൊലീസ് അന്വേഷിക്കും.
1986 ഡിസംബറിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ തന്റെ പതിന്നാലാമത്തെ വയസ്സിൽ ഒരാളെ വെള്ളത്തിൽ തള്ളിയിട്ടുകൊന്നെന്നാണ് മുഹമ്മദലി വേങ്ങര പോലീസിനു മുൻപിൽ ഹാജരായി കുറ്റസമ്മതം നടത്തിയത്. തുടർ ചോദ്യംചെയ്യലിലാണ് 36 വർഷം മുൻപ് 1989-ൽ കോഴിക്കോട് കടപ്പുറത്തുവെച്ച് മറ്റൊരു യുവാവിനെ കൊലപ്പെടുത്തിെയന്നും ഇയാൾ പോലീസിനോട് പറഞ്ഞത്.
മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടാകാം എന്ന സഹോദരൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം ഉണ്ടാകും. മുഹമ്മദലി നേരത്തേ മനോരോഗത്തിന് ചികിത്സ തേടിയയാളെന്ന് കേസിന്റെ അന്വേഷണച്ചുമതലയുളള തിരുവമ്പാടി ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു. 2005-ൽ കോഴിക്കോട് എരഞ്ഞിപ്പാലം വിജയ ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. കൂടരഞ്ഞിയിലെ കൊലപാതകത്തിൽ നേരത്തെ നാലുപേർ കണ്ണൂർ ഇരിട്ടിയിൽ നിന്ന് എത്തിയിരുന്നു. വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്ന കഞ്ചാവ് ബാബുവിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.