വന്യജീവി -തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉടമസ്ഥരില്ലാത്ത തെരുവു നായകളെ കൂട്ടിലാക്കണം, പക്ഷിപ്പനി വരുമ്പോള്‍ ഒരു പ്രദേശത്തെ പക്ഷികളെ കൊല്ലുന്നത് പോലെ തന്നെ തെരുവുനായ്ക്കളെയും കൊല്ലണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്.
അതേസമയം, കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാനം തയാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചു. മറുപടി അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ലഭിച്ചു. സംസ്ഥാനത്തിന്റെ പരിമിതിയില്‍ നിന്ന് നിയമ നിര്‍മാണത്തെ കുറിച്ചാണ് ആലോചന.