കോട്ടയം: മകന് സ്ഥിര ജോലി നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് കോട്ടയം മെഡിക്കൽ കോളേജ് അപകടത്തെ തുടർന്ന് മരിച്ച ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ. ആരോഗ്യ മന്ത്രി വീണാ ജോർജ് വന്നതിൽ ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നേരത്തെ വരാതിരുന്നതെന്ന് മന്ത്രി പറഞ്ഞു. അതു മനസ്സിലാക്കുന്നു. മകന് സ്ഥിര സർക്കാർ ജോലി നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തിൻറെ ദുഃഖത്തിൽ ഒപ്പം നിന്നതിൽ നന്ദി അറിയിക്കുന്നുവെന്നും വിശ്രുതൻ പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് മന്ത്രി വീണാ ജോർജ് തലയോലപ്പറമ്പിലെ ബിന്ദുവിന്‍റെ വീട്ടിലെത്തിയത്. ബിന്ദുവിന്‍റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. കുടുംബത്തെ ആശ്വാസിപ്പിച്ച് സർക്കാർ കൂടെയുണ്ടെന്ന് ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളോടൊപ്പമാണ് മന്ത്രി വീട്ടിലെത്തിയത്.
അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദു:ഖം തന്‍റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിന്‍റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടാവും. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ പ്രതികരിച്ചു. യാതൊരു ആശങ്കയ്ക്കും വകയില്ലാത്ത സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അപാകതകൾ പ്രത്യേകം പരിശോധിക്കുമെന്നും ജോൺ വി സാമുവൽ പറഞ്ഞു.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം കഴിഞ്ഞു. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും. ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രി വികസന യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണ്. എച്ച്ഡിഎസ് അംഗങ്ങളുടെ കാലാവധി കഴിഞ്ഞിരുന്നു. പുതിയ അംഗങ്ങളെ നിയമിക്കുന്നതിലെ കാലതാമസമാണ് പ്രശ്നം. ഉടൻ പുതിയ എച്ച്ഡിഎസ് കമ്മിറ്റിയെ നിശ്ചയിക്കുമെന്നും കളക്ടർ പറഞ്ഞു.