‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്‌മെന്റസ് ഒരുക്കുന്ന ‘കാട്ടാളനി’ല്‍ വൈറല്‍ ഗായകന്‍ ഹനാന്‍ ഷായും. ‘ചിറാപുഞ്ചി’, ‘കസവിനാല്‍’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാന്‍ ഷാ പക്ഷേ പുതിയൊരു റോളിലാണ് ചിത്രത്തില്‍ എത്തുന്നത്. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാട്ടാളനില്‍ ഹനാനെ ഇതാദ്യമായി സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ക്യൂബ്‌സ് എന്റെര്‍ടെയ്ന്‍മെന്റ്‌സ്. ‘കാട്ടാളന്റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.
2022 ല്‍ പുറത്തിറങ്ങിയ ‘പറയാതെ അറിയാതെ’ എന്ന കവര്‍ ഗാനത്തിലൂടെയാണ് ഹനാന്‍ ശ്രദ്ധ നേടിയത്. ശേഷം ഒട്ടേറെ കവര്‍ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാന്‍ഷാ എന്ന തന്റെ യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും അടക്കം പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്ല്യണിലേറെ ഫോളോവേഴ്‌സാണ് ഹനാനുള്ളത്. ചിറാപുഞ്ചി, കസവിനാല്‍, ഇന്‍സാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് ഹനാന്റെ വൈറല്‍ ഗാനങ്ങള്‍.
ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.