രാജ്യത്തിൻ്റെ പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ ഊർജം പകരുന്നതിനായി ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം ലഭിക്കും. അമേരിക്കയുമായി ഒപ്പുവച്ച കരാറിൻ്റെ ഭാഗമായാണ് ഇന്ത്യ ആറ് അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇതില്‍ മൂന്നെണ്ണമാണ് ഈ മാസം 15-ന് ലഭിക്കുക.
2020-ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചത്. ഇതു പ്രകാരം 2024 മേയ്-ജൂണ്‍ മാസത്തോടെ ഹെലികോപ്റ്ററുകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇതു നീണ്ട് പോവുകയായിരുന്നു.
ലോകത്തിലെ ഏറ്റവും നൂതനവും മാരകവുമായ മൾട്ടി-റോൾ കോംപാക്‌ട് ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപ്പാച്ചെ AH-64E. ചടുലത, ശക്തി, സ്ഥിരത എന്നിവയുടെ സംയോജനമാണിത്. മക്ഡൊണൽ ഡഗ്ലസ് അപ്പാച്ചെ AH-64E ഒരു ഇരട്ട എഞ്ചിൻ റോട്ടറി വിങ് ഹെലികോപ്റ്ററാണ്.
സ്ഥിരതയുള്ളതും മനുഷ്യനെ വഹിക്കാൻ കഴിയുന്നതുമായ ഒരു ആകാശ ആയുധ സംവിധാനമായാണ് ഇതിന്‍റെ രൂപകൽപ്പന. രണ്ട് പൈലറ്റുമാരും അത്യാധുനിക കമ്പ്യൂട്ടറുകളും ഉള്ളതിനാൽ, മറ്റുള്ളവയെ പരാജയപ്പെടുത്താൻ അപ്പാച്ചെക്ക് കഴിയും. പ്രതികൂല കാലാവസ്ഥയിൽ രാവും പകലും ദൗത്യങ്ങൾ നടത്താൻ ഇതിന് കഴിയും.
2015ലെ കരാറിൻ്റെ ഭാഗമായി 22 ഹെലികോപ്റ്ററുകൾ ലഭിച്ച ഇന്ത്യൻ വ്യോമസേന മാത്രമാണ് ഇതുവരെ അപ്പാച്ചെ ഉപയോഗിച്ചിട്ടുള്ളത്. 14,910 കോടി രൂപയാണ് അന്ന് കരാറിനായി ചെലവഴിച്ചത്. 2020 ൽ ഇന്ത്യയും യുഎസും തമ്മിൽ ഒപ്പുവച്ച 600 മില്യൺ ഡോളർ കരാറിൻ്റെ ഭാഗമായിട്ടാണ് അപ്പാച്ചെ ഇപ്പോൾ ഇന്ത്യയിലേക്ക് വരുന്നത്.
കരസേനയുമായി ഏകോപിപ്പിച്ച് സ്വതന്ത്രമായ വ്യോമ ആക്രമണ പ്രവർത്തനങ്ങൾക്കാണ് ഇവ ഉപയോഗിക്കുക. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് പെട്ടെന്നുള്ള പ്രതികരണവും കൃത്യതയുള്ള ആക്രമണങ്ങളും ആവശ്യമായ സ്ഥലങ്ങളിൽ.