തിരുവനന്തപുരം: കാര്യവട്ടം അമ്പലത്തിങ്കരയിൽ ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകളെ ഉള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിനു പിന്നാലെ കഴക്കൂട്ടം പോലീസ് സംഭവസ്ഥലത്തെത്തി.
കടയ്ക്കാവൂരിൽനിന്ന് എസ്എടി ആശുപത്രിയിലേക്ക് ഗർഭിണിയുമായി പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളിൽ ഇടിച്ചത്. ആംബുലൻസിന്റെ മുന്നിൽപോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു.