പെട്രോകെമിക്കൽസ് മേഖലയിൽ മുകേഷ് അംബാനിയുടെ റിലയൻസിനോട് വിപണി മത്സരത്തിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. പ്രധാനമായും പി.വി.സി നിർമാണത്തിലേക്കാണ് അദാനി ഇറങ്ങുന്നത്. പുതിയ പ്ലാന്റ് മുന്ദ്രയിൽ സ്ഥാപിക്കും.പ്രതിവർഷം 1 ദശലക്ഷം ടൺ ശേഷിയുള്ള പ്ലാൻ്റായിരിക്കും അദാനി ഗ്രൂപ്പ് നിർമ്മിക്കുക. ഇതോടെ റിലയൻസും അദാനി ഗ്രൂപ്പും നേർക്ക് നേർ ഏറ്റുമുട്ടും.
പോളിവിനൈൽ ക്ലോറൈഡ് (PVC) ഒരു പ്ലാസ്റ്റിക് പോളിമറാണ്. പൈപ്പുകൾ, ഫിറ്റിങ്ങുകൾ, ഡോറുകൾ, ജനലുകൾ എന്നിവയുടെ ഡോറുകളുടെ ഫ്രെയിമുകൾ, കേബിൾ കോട്ടിങ്ങുകൾ, ഫ്ലൂറിങ്, വാൾ കവറിങ്, ക്രെഡിറ്റ് കാർഡുകൾ, ടോയ്സ് തുടങ്ങിയവയുടെയെല്ലാം നിർമാണത്തിൽ ഇവ ഉപയോഗിക്കുന്നു.വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയുടെ പി.വി.സി ഡിമാൻഡ് ഏകദേശം 4 മില്യൺ ടൺ എന്ന തോതിലാണ്. അതേ സമയം ഇവിടത്തെ ഉല്പാദന ശേഷി 1.59 മില്യൺ ടൺ മാത്രമാണ്. ഇതിൽത്തന്നെ പകുതിയും റിലയൻസാണ് ഉല്പാദിപ്പിക്കുന്നത്. കാർഷിക മേഖല, ഇൻഫ്രാസ്ട്രക്ചർ, വാട്ടർ സപ്ലൈ, സാനിറ്റേഷൻ സ്പെഷ്യാലിറ്റി പ്രൊജക്ടുകൾ, ഹൗസിങ്, ഫാർമസ്യൂട്ടിക്കൽസ്, പാക്കേജിങ് എൻഡ് സെഗ്മെന്റ് തുടങ്ങിയ മേഖലകളിൽ ഡിമാൻഡ് ഉയരുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിലെ പി.വി.സി ഡിമാൻഡ് 8-10% എന്ന തോതിൽ വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2028 ഓടെയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് മുന്ദ്രയിൽ ഒരു പെട്രോകെമിക്കൽ പ്ലാൻ്റ് സ്ഥാപിക്കുക. പിവിസി, ക്ലോർ-ആൽക്കലി, കാൽസ്യം കാർബൈഡ്, അസറ്റിലീൻ യൂണിറ്റുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള സൗകര്യവും പിവിസി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചതായാണ് സൂചന.
അതേസമയം, ഗുജറാത്തിലെ ഹസിറ, ദഹേജ്, വഡോദര എന്നിവിടങ്ങളിൽ റിലയൻസിന് പിവിസി പ്ലാന്റുകളുണ്ട്. 2027 ആകുമ്പോഴേക്കും ശേഷി ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.