സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാർ നൽകിയ ഹർജി പിൻവലിക്കും. സസ്പെൻഷൻ നടപടി സിൻഡിക്കേറ്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. നാളെ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കും. സിൻഡിക്കേറ്റിന്റെയും വിസിയുടെയും സത്യവാങ്മൂലം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇന്ന് അടിയന്തര സിൻഡിക്കേറ്റ് ചേർന്ന് സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ ഹർജി നൽകിയത്. ഇന്ന് 4.30യ്ക്ക് രജിസ്ട്രാർ പ്രൊഫസർ അനിൽകുമാർ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയേറ്റെടുത്തിരുന്നു. ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം.
രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി റദ്ദാക്കിയത്.
STORY HIGHLIGHT : Kerala University Registrar’s petition against VC will be withdrawn