കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സകൾക്കായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. ഈയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം. അതേസമയം, അപകടത്തെ തുടർന്ന് നിർത്തിവെച്ച ശസ്ത്രക്രിയകൾ പുതിയ ഓപ്പറേഷൻ തിയേറ്ററുകളിൽ ഇന്നു മുതൽ പുനരാരംഭിക്കും. മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്യും.