Tech

വണ്‍പ്ലസിന്റെ രണ്ടു പുത്തന്‍ ഫോണുകൾ എത്തുന്നു; വില 25,000 മാത്രം; ഫീച്ചറുകൾ ഇങ്ങനെയും | OnePlus new phone

സമ്മര്‍ ലോഞ്ച് ഇവന്റിലാണ് ഫോണുകള്‍ അവതരിപ്പിക്കുക

വണ്‍പ്ലസ് നോര്‍ഡ് ശ്രേണിയില്‍ പുതിയ രണ്ടു ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നോര്‍ഡ് 5, നോര്‍ഡ് സിഇ 5 എന്നി ഫോണുകള്‍ നാളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സമ്മര്‍ ലോഞ്ച് ഇവന്റിലാണ് ഫോണുകള്‍ അവതരിപ്പിക്കുക. മികച്ച കാമറ സാങ്കേതികവിദ്യ, കൂടുതല്‍ ശക്തമായ ചിപ്സെറ്റ്, മെച്ചപ്പെട്ട ബാറ്ററി എന്നിവയോടെയാണ് ഫോണുകള്‍ വിപണിയില്‍ എത്തുക.

നോര്‍ഡ് 5ന് 30,000 രൂപ മുതല്‍ 35,000 രൂപ വരെയായിരിക്കാം വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നോര്‍ഡ് സിഇ 5ന് അല്‍പ്പം വില കുറയാം. ഏകദേശം 25000 രൂപയായിരിക്കാം വില. സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് പ്രോസസര്‍ ആദ്യമായി അവതരിപ്പിക്കുന്ന വണ്‍പ്ലസ് ഫോണ്‍ എന്ന പ്രത്യേകത നോര്‍ഡ് 5ന് ഉണ്ട്. പ്രത്യേകിച്ച് സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 ചിപ്പ്‌സെറ്റിലാണ് ഫോണ്‍ വരുന്നത്. 4nm പ്രോസസ്സില്‍ നിര്‍മ്മിച്ച ഈ നൂതന ചിപ്സെറ്റ് LPDDR5X റാമുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ നോര്‍ഡ് സിഇ 5ല്‍ മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 8350 അപെക്‌സ് പ്രോസസറാണ് പ്രവര്‍ത്തിക്കുക.

മുന്‍ഗാമിയായ നോര്‍ഡ് 4നെ അപേക്ഷിച്ച് ഇമേജിങ്ങിലും മൊത്തത്തിലുള്ള പ്രകടനത്തിലും വലിയ മാറ്റങ്ങളുമായാണ് നോര്‍ഡ് 5 വരുന്നത്. ഫോണില്‍ മുന്നിലും പിന്നിലും ഡ്യുവല്‍ 50MP കാമറ ക്രമീകരണം ഉണ്ടാകും. പിന്‍ഭാഗത്ത് ഉയര്‍ന്ന നിലവാരമുള്ള LYT700 പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുത്തും. വിപുലമായ ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിവുള്ള 8MP അള്‍ട്രാ-വൈഡ് കാമറയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത്, ഉപയോക്താക്കള്‍ക്ക് ഓട്ടോഫോക്കസ് പിന്തുണയുള്ള 50MP JN5 സെല്‍ഫി ഷൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. ഇത് മികച്ചതും വളരെ വിശദമായതുമായ പോര്‍ട്രെയ്റ്റുകള്‍ക്ക് സഹായകമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

വണ്‍പ്ലസ് നോര്‍ഡ് സിഇ 5ല്‍ 50എംപി മെയിന്‍ സെന്‍സറും 8എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍-ലെന്‍സ് പിന്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി, ഉപകരണത്തില്‍ 16എംപി ഫ്രണ്ട് ഫേസിങ് കാമറ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

content highlight: OnePlus new phone