മലപ്പുറം കരുവാരക്കുണ്ടിൽ കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ തൃശൂരിൽ എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കും.
കാട്ടിൽ നിന്ന് പിടികൂടുന്ന ശൗര്യമുള്ള മൃഗങ്ങളെ പുത്തൂരിലാണ് എത്തിക്കുക. അവയെ കൃത്യമായി ട്രെയിൻ ചെയ്ത ശേഷമായിരിക്കും പുറത്തേക്കിറക്കുക. കഴിഞ്ഞ ദിവസം പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത് കണ്ടത്.
ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊന്ന കടുവയാണിതെന്നാണ് നിഗമനം. തുടർന്ന് വനംവകുപ്പ് അധികൃതർ എത്തി കടുവയെ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.