മലയാളത്തിലും,തമിഴിലും,ഹിന്ദിയിലും നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് ജെനീലിയ. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും,ഉറുമി എന്ന സിനിമയിലൂടെ മലയാളികള്‍ ഏറ്റെടുത്ത താരം കൂടിയാണ് ജെനീലിയ. ഇപ്പോഴിതാ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മികച്ച വേഷം ലഭിച്ചിട്ടില്ലേയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി. സിതാരേ സമീന്‍ പര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് കണ്ണനുമായുളള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
നടിയുടെ വാക്കുകള്‍……
‘ദക്ഷിണേന്ത്യന്‍ സിനിമകള്‍ എനിക്ക് നല്ല വേഷങ്ങള്‍ തന്നിട്ടില്ലെന്ന വാദം തെറ്റാണ്. നിങ്ങള്‍ ഹൈദരാബാദില്‍ പോയി നോക്കൂ. അവിടെ ഞാന്‍ ഹരിണിയാണ്. തമിഴ്നാട്ടില്‍ പലര്‍ക്കും ഞാന്‍ ഇന്നും ഹാസിനിയാണ്. ഇനി കേരളത്തിലേക്ക് വരൂ . ഉറുമിയിലെ ആയിഷ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ആളുകള്‍ എന്നെ ഓര്‍ക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എനിക്കൊരു ലേണിങ് ഗ്രൗണ്ടായിരുന്നു. എനിക്ക് കിട്ടിയ ഏറ്റവും മികച്ച വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ നിന്നാണ്. ആ കഥാപാത്രങ്ങളോട് ഇപ്പോഴും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പലരും ഇപ്പോഴും എന്നെ പുതിയ സിനിമകള്‍ കൊണ്ട് മാത്രമാണ് ജഡ്ജ് ചെയ്യുന്നത്.’
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. വന്‍ ബജറ്റിലെത്തിയ ഉറുമി ബോക്സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവച്ചില്ലെങ്കിലും സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിപ്പോഴും.