ഇന്ത്യയിൽ ദാരിദ്ര്യവും അസമത്വവും വളരെ ഉയര്‍ന്ന രീതിയില്‍ തുടരുന്നുവെന്ന റിപ്പോർട്ട് ആശങ്ക നിറഞ്ഞതാണെന്ന് കോൺഗ്രസ്. റിപ്പോർട്ട് എടുത്ത് കാണിച്ച് കേന്ദ്രത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. . ജിഎസ്‌ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക, കോർപ്പറേറ്റ് പക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകബാങ്കിൻ്റെ റിപ്പോര്‍ട്ട് പുറത്തുവന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മോദി സര്‍ക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയത്.
ലോകത്തിലെ ഏറ്റവും തുല്യതയുള്ള സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് കൊട്ടിഘോഷിച്ച് ലോകബാങ്കിൻ്റെ ഡാറ്റയെ മറയ്‌ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന് ജയറാം രമേശ് ആരോപിക്കുന്നു. ഏപ്രില്‍ 27ന് പുറത്തിറക്കിയ ലോകബാങ്ക് റിപ്പോർട്ടിൽ ഉന്നയിച്ച ചില പ്രധാന ആശങ്കകൾ കോൺഗ്രസ് എടുത്തുകാണിച്ചെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ റിപ്പോർട്ടിലെ ആശയങ്ങള്‍ ഗൗരവമായി കാണണമെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഉയര്‍ന്ന വേതന അസമത്വം ഉണ്ടെന്നും, 2023-24 കണക്കുകള്‍ അനുസരിച്ച് ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ശരാശരി വരുമാനത്തേക്കാൾ 13 മടങ്ങ് കൂടുതലാണ് ഏറ്റവും മുകളിലുള്ളവരുടെ വരുമാനം. സാമ്പിളിങ്ങും ഡാറ്റ പരിമിതികളും സൂചിപ്പിക്കുന്നത് ഉപഭോഗ അസമത്വമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2017ലെ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയർന്ന ദാരിദ്ര നിരക്കാണ് കാണിക്കുന്നത്. 2022-23 ല്‍ സംഘടിപ്പിച്ച ഗാർഹിക ഉപഭോഗ ചെലവ് സർവേ കാലക്രമേണ നടക്കാതിരുന്നത് വരും വര്‍ഷങ്ങളില്‍ താരതമ്യം ചെയ്യാനുള്ള അവസരം കുറച്ചെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഒരു താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യം എന്ന നിലയിൽ, ഇന്ത്യയിൽ ദാരിദ്ര്യം അളക്കുന്നതിനുള്ള ഉചിതമായ നിരക്ക് പ്രതിദിനം 3.65 യുഎസ് ഡോളറാണ്. ഈ കണക്കനുസരിച്ച്, 2022ൽ ഇന്ത്യയുടെ ദാരിദ്ര്യ നിരക്ക് 28.1 ശതമാനമായി ഗണ്യമായി ഉയർന്നിരിക്കുന്നുവെന്നും രമേശ് റിപ്പോർട്ടിലെ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.
ദാരിദ്ര്യവും അസമത്വവും ഇന്നും തുടരുന്നുണ്ട്. ഈ റിപ്പോർട്ടിനെക്കുറിച്ച് കേന്ദ്രം ഇത്രയധികം തർക്കിക്കാൻ ശ്രമിക്കുന്നത് സർക്കാർ ഡാറ്റയുടെ ലഭ്യതക്കുറവും ഗുണനിലവാരക്കുറവുമാണെന്ന് അദ്ദേഹം പറഞ്ഞു. 28.1 ശതമാനം ദാരിദ്ര്യ നിരക്കുള്ള ഒരു രാജ്യത്തിനും ലോകത്തിലെ ഏറ്റവും തുല്യതയുള്ള സമൂഹങ്ങളിലൊന്നാണെന്ന അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ജനസംഖ്യയിലെ വലിയൊരു വിഭാഗം അന്താരാഷ്ട്ര അതിദാരിദ്ര്യരേഖയ്ക്ക് വളരെ മുകളിലാണെന്ന് കാണിക്കുന്നുവെന്ന് രമേശ് അഭിപ്രായപ്പെട്ടു. എംജിഎൻആർഇജിഎ പോലുള്ളവ ശക്തിപ്പെടുത്തണം. കൂടാതെ വേതനം വർധിപ്പിക്കുക, ദശാബ്‌ദ ജനസംഖ്യാ സെൻസസ് നടത്തുക, എൻഎഫ്എസ്എയുടെ പരിധിയിൽ 10 കോടി ആളുകളെ കൂടി ഉൾപ്പെടുത്തുക എന്നിങ്ങനെ കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിച്ചു.
അവ്യക്തമായ നയരൂപീകരണത്തിൻ്റെ ഫലമാണ് ഇന്ത്യയിലെ ദാരിദ്ര്യത്തിൻ്റെ വ്യാപനം. 2014ൽ രംഗരാജൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം, കേന്ദ്ര സർക്കാർ രാജ്യത്തിനായി ഒരു പുതുക്കിയ ദാരിദ്ര്യരേഖയും നിശ്ചയിച്ചിട്ടില്ല. സർക്കാർ ഉടൻ അത് ചെയ്യണം. ഡാറ്റാ ഗുണനിലവാരം, സ്ഥിരത, സമഗ്രത എന്നിവയ്ക്ക് ഉയർന്ന മുൻഗണന നൽകണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.