മന്ത്രി വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ വിമർശനവുമായ ഇടത് നിരീക്ഷകൻ പ്രേംകുമാർ. കോട്ടയം മെഡിക്കൽ കോളജിലെ ദാരുണ സംഭവത്തിൽ യുഡിഎഫ് നേതാക്കൾ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി പേരെടുത്താണ് പ്രേംകുമാർ വിമർശിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
കുറിപ്പിൽ നിന്നും……….
നടക്കാൻ തുടങ്ങിയ ഉമാതോമസ് വരെ പറയാൻ തുടങ്ങി, വീണാ ജോർജിനെ ഇറങ്ങി നടക്കാൻ വിടില്ലെന്ന്.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
ചുമ്മാ പറഞ്ഞാൽ പോരാ, ചെയ്യാനുള്ളത് ചെയ്യണം.
കോട്ടയത്തേതടക്കം ഏതൊരപകടവും അക്രമവും മരണവും സ്റ്റേറ്റിന്റെ പരാജയമാണ്. പൊളിഞ്ഞു വീഴാറായൊരു കെട്ടിടത്തിൽ ആളുകൾ കയറുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതായിരുന്നു, അധികാരികൾ. പൊളിഞ്ഞുവീണു കഴിഞ്ഞാൽപ്പിന്നെ അകത്താരെങ്കിലും പെട്ടിട്ടുണ്ടോ എന്നുറപ്പു വരുത്തലാണ് ആദ്യം ചെയ്യേണ്ടത്.
ആരുമില്ലെന്ന് മന്ത്രിയോട് പറഞ്ഞ സൂപ്രണ്ടും, ആ പറഞ്ഞതുകേട്ട് വേഗം തന്നെ മീഡിയയെ ബ്രീഫ് ചെയ്ത മന്ത്രിമാരും കാണിച്ചത് ശ്രദ്ധക്കുറവാണ്.
ഇനി ചെയ്യാവുന്നത് ബിന്ദുവിന്റെ കുടുംബത്തെ എല്ലാ അർത്ഥത്തിലും ചേർത്തു നിർത്തലാണ്.
ഒരു ശ്രദ്ധക്കുറവ് വന്നിട്ടുണ്ടെന്നാൽ, അതിനെ വിമർശിക്കാനും മന്ത്രിരാജിവെക്കണം, മുഖ്യമന്ത്രിരാജിവെക്കണം എന്നൊക്കെ പ്രസ്താവിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ട്. പക്ഷെ വീണാ ജോർജിനെതിരെ നടക്കുന്നത് ഇതൊന്നുമല്ല. അനുപാതരഹിതമായ വിച്ച് ഹണ്ട് തന്നെയാണ്.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
മരണപ്പെട്ടൊരാളിനോടുള്ള സ്നേഹമായിരുന്നുവെങ്കിൽ,
മഴയിൽപ്പെട്ടില്ലാതായവർക്കു വേണ്ടി പിരിച്ച കോടികൾ മുക്കിയ ജൂനിയർ നേതാവിനോട് ഒരു വാക്കു ചോദിക്കുമായിരുന്നു കോൺഗ്രസ്.
അഴിമതിച്ചുഴിയിൽപ്പെട്ടില്ലാതായ എൻ.എം.വിജയന്റെ കുടുംബത്തെ മഴയിൽ നിർത്തുമായിരുന്നില്ല കോൺഗ്രസ്. സത്യസന്ധതയില്ലാത്ത
സമരാഭാസമാണിത്.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
പൊളിഞ്ഞുവീണ കെട്ടിടമല്ല, പൊളിഞ്ഞു തുടങ്ങിയ യു.ഡി.എഫാണ് അവരുടെ പ്രശ്‍നം. അക്കേഷ്യ മുറിക്കാൻ സമ്മതിക്കാത്തതുകൊണ്ടാണ് അപ്പന്റെ കാലത്ത് അവിടെ കെട്ടിടം പണിയാതിരുന്നതെന്ന് പറയുന്നത് ചാണ്ടി ഉമ്മൻ.
കോട്ടയം മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ ഞങ്ങളൊന്നും ചെയ്യാതിരുന്നത് കൊണ്ടാണല്ലോ തോറ്റത് എന്നു പറഞ്ഞ് ചിരിക്കുന്നത് മേജർ ചെന്നിത്തല. ചാണ്ടിക്കാലത്തെ ചതികൾ ഒളിച്ചുവെക്കാനുള്ള തരികിടയാണിത്.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
കെട്ട ചോരയായതുകൊണ്ട് വീണാ ജോർജിന്റെ ചോര ഞങ്ങൾക്കു വേണ്ടാ എന്ന് മൈക്ക് കെട്ടി പ്രസംഗിച്ചത് വീണയുടെ മുത്തച്ഛനാവാൻ പ്രായമുള്ള കോട്ടയം എം.എൽ.എ.തിരുവഞ്ചൂരാണ്. വീണ ജോർജ് അസുഖം വന്ന് അല്പനേരം ആശുപത്രിയിലായെന്ന വാർത്തയ്ക്കു കീഴെ ശാപം ചൊരിയുകയായിരുന്നു തിരുവഞ്ചൂർ മനഃസ്സുള്ളവർ ജനാധിപത്യസമരങ്ങളുടെ, ഭരണപക്ഷ, പ്രതിപക്ഷ ഏറ്റുമുട്ടലുകളുടെ മാന്യതയുള്ള ഭാഷയല്ലിത്, രീതിയല്ലിത്.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
നേരത്തേ പറഞ്ഞ് സമരങ്ങൾ നടത്തുകയെന്നതാണ് ജനാധിപത്യരീതി. അടിയന്തിര സാഹചര്യങ്ങളിൽ അങ്ങനെയല്ലാതെയും സമരങ്ങൾ നടക്കാറുണ്ട്. യൂത്ത് ലീഗിന്റെ പി.കെ.ഫിറോസ് ആഹ്വാനം ചെയ്യുന്നത്, ഇത് രണ്ടുമല്ലാത്ത അക്രമത്തിന്റെ മാർഗ്ഗമാണ്. നേരത്തേ പറയുകയാണ്, മിന്നൽ സമരങ്ങളുണ്ടാവുമെന്ന്. ശുദ്ധ പോക്കിരിത്തരമാണിത്.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
ആരോഗ്യമന്ത്രിയായ ശേഷം ഒരു ഡസൻ വ്യാജ ആരോപണങ്ങളെങ്കിലും വന്നിട്ടുണ്ട് വീണാ ജോർജിനെതിരെ. ഒരെണ്ണമൊഴിയാതെ പൊളിഞ്ഞു പാളീസായതാണ്. വീണയെ നേരിട്ട് പരിചയമുള്ള എഡിറ്റർമാർ തന്നെയുള്ള ചാനലുകൾ ആരോപണവാർത്ത ബ്രേക്ക് ചെയ്യുന്നതിന് മുൻപ് മന്ത്രിയുടെ വേർഷൻ എടുത്തതായി നിങ്ങൾ കേട്ടിരുന്നുവോ? മാടമ്പള്ളിയിലെ ഗംഗയുടേതിനേക്കാൾ കലശലായ സൈക്കോസിസിന്റെ അവസ്ഥയിലെത്തിയ അവതാരങ്ങളുടെ ഫ്രസ്ട്രേഷനാണ് വീണാ ജോർജിനെ തീർക്കാൻ കൊട്ടേഷനെടുപ്പിക്കുന്നത്. അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
പെണ്ണുങ്ങൾ പുറത്തിറങ്ങരുതെന്ന് ഇപ്പോഴും പറയുന്ന, നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രം എപ്പോഴും പറയാതിരിക്കുന്ന പലർക്കും
വി.ഡി.സതീശന്റെ സെക്കുലർ സർട്ടീക്കറ്റ് കിട്ടിയ കാലമാണ്. അക്കാലത്താണ് പെണ്ണായ ടീച്ചർ നിർത്തിയേടത്തു നിന്ന്, പെണ്ണായ
വീണ തുടങ്ങുന്നത്. കള്ളങ്ങളെ എണ്ണം പറഞ്ഞ് പൊളിക്കുന്നത്. അങ്ങനെ നെഗളിക്കേണ്ടെന്ന ആണഹന്ത കൂടിയുണ്ട് ഇതിനുപിന്നിൽ.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
കേരളത്തിന്റെ പൊതുജനാരോഗ്യരംഗം രാജ്യത്ത് ഒന്നാമതാണെന്ന് കേന്ദ്ര സർക്കാർ നിരന്തരം പറയുമ്പോൾത്തന്നെ അതേറ്റവും മോശമാണെന്ന് പറഞ്ഞിരുന്നത് സംഘികളാണ്. അതു തന്നെയാണിപ്പോൾ ജമാ:അത്ത് യു.ഡി.എഫ്. പ്രചരിപ്പിക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികൾ തല്ലിപ്പൊളിയാണെന്ന് വരുത്തേണ്ടത് കനഗോലുവിന്റെ മാത്രം പ്ലാനല്ലെന്നറിയുക.
ഒരൊറ്റ കണക്കു മാത്രം പറയാം.
അഞ്ചു കൊല്ലമെങ്കിലുമായി ഓപ്പറേഷണൽ ലോസിൽ ഓടുന്ന കോഴിക്കോട്ടെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ടായിരം കോടിയിലധികം ഇൻവെസ്റ്റ് ചെയ്ത ഗ്ലോബൽ അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ ആസ്തി എത്രയാണെന്നറിയാമോ? One Million Million US Dollars. രണ്ടു വട്ടമെഴുതിപ്പോയതല്ല. വൺ മില്യൺ, മില്യൺ യു.എസ്.ഡോളർ എന്നു തന്നെയാണ്.
ഇപ്പോൾ നടക്കുന്നത് ഒരു വീണാ ജോർജിനെതിരെയുള്ള സാധാരണ സമരമല്ല തന്നെ.
അരനൂറ്റാണ്ടുകൊണ്ടെങ്കിലും നേടിയെടുത്ത കേരളത്തിന്റെ പൊതുജനാരോഗ്യരംഗത്തെ നേട്ടങ്ങൾ മുഴുവൻ തച്ചുതകർക്കാനുള്ള കൊട്ടേഷൻ കൂടിയാണ് ഈ കുട്ടിക്കുരങ്ങന്മാർ ഏറ്റെടുത്ത് നടത്തുന്നത്.
അത് നടക്കില്ലെന്ന് തീർത്തു പറയണം പാർട്ടി.
ചുമ്മാ പറഞ്ഞാൽ പോരാ…
ചെയ്യാനുള്ളത് ചെയ്യണം.
പ്രേംകുമാർ.