പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 173 പേരാണുള്ളത്. ഇതിൽ 100 പേർ പ്രൈമറി കോണ്ടാക്ട് ആണ്. അതിൽ കുടുംബാംഗങ്ങളും ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമുണ്ട്. അതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്ട് ആണ്. ബാക്കി 73 പേർ സെക്കൻഡറി കോണ്ടാക്ട് ആണ്.
4 സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഹൗസ് സർവേ നടത്താനാണ് തീരുമാനം. പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പും അവരവരുടേതായ പരിശോധനകൾ നടത്തുന്നുണ്ട്. മൃഗങ്ങളുടെ അസ്വാഭാവികമായ മരണം പ്രദേശത്ത് ഉണ്ടായിട്ടുണ്ടോയിയെന്ന് പരിശോധിക്കുകയാണ്.
വവ്വാലുകളുടെ സാമ്പിളുകൾ എടുക്കുന്നതിൽ സംസ്ഥാനത്തിന് അതികാരമില്ലാത്തതിനാൽ മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട് ആശങ്കകൾ വേണ്ട. ക്വാറന്റൈൻ കണ്ടെയ്‌ൻമെൻറ്റ് സോണുകളിൽ ഉള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ പകരം സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ പ്രതിരോധപ്രവർത്തനങ്ങൾ വളരെ മികവോടെയാണ് മുന്നോട്ട് പോകുന്നതെന്നും നിപ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.