മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിനെ ഭാര്യ ചപ്പാത്തിപ്പലക കൊണ്ട് അടിച്ചു കൊന്നു. സംഭവത്തിൽ 32 കാരിയായ ഭാര്യ ശ്രുതി കുറ്റം സമ്മതിച്ചു. മരത്തടി കൊണ്ടുണ്ടാക്കിയ ചപ്പാത്തി പലകയ്ക്ക് അടിച്ചാണ് ഭർത്താവ് ഭാസ്കറിനെ (42) തല്ലിക്കൊന്നതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.
ബെംഗളൂരുവിലെ സുദ്ദഗുണ്ടെ പാളയയിലാണ് കേസിനാസ്പദമായ സംഭവം. 12 വർഷം മുൻപാണ് ഭാസ്കറും ശ്രുതിയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്. നേരത്തെ, താൻ ഉറങ്ങുന്നതിനിടെയാണ് ഭർത്താവ് മരിച്ചതെന്നാണ് ശ്രുതി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ഭാസ്കറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു.
എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതിൻ്റെ അടയാളങ്ങൾ കണ്ടെത്തി. റിപ്പോർട്ടുമായി നേരിട്ട് ചോദ്യം ചെയ്തപ്പോൾ ശ്രുതി കുറ്റം സമ്മതിക്കുകയായിരുന്നു.