ബെംഗളൂരുവിൽ മുൻ കാമുകിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവാവിനെ അതിക്രൂരമായി മർദിച്ച് എട്ടംഗ സംഘം. യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായാണ് പരാതി. ആക്രമികൾ ഇയാളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങളും ആക്രമികൾ പകർത്തിയിരുന്നു. യുവാവുമായി രണ്ട് വർഷക്കാലമായി പ്രണയത്തിലായിരുന്ന പെൺകുട്ടി അടുത്തിടെ വേർപിരിയുകയും മറ്റൊരു ആൺകുട്ടിയുമായി അടുപ്പത്തിലാകുകയും ചെയ്തിരുന്നു.
ഈ കാരണത്തലാണ് ഇയാൾ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതെന്നു പറയപ്പെടുന്നു. ഈ സന്ദേശങ്ങൾക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ കാമുകനും കൂട്ടാളികളും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
തർക്കം പരിഹരിക്കാനെന്ന വ്യാജേന പ്രതികൾ യുവാവിനെ പ്രലോഭിപ്പിച്ച് ഒരു കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചായിരുന്നു പിന്നീട് അതിക്രൂരമായ ആക്രമണങ്ങൾ നടന്നത്.















