കുറഞ്ഞ ചെലവിൽ യൂറോപ്പ് കാണാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഇടമാണ് പോളണ്ട്. ചരിത്രവും സംസ്കാരവും കൊണ്ട് സമ്പന്നമായ രാജ്യമാണ് പോളണ്ട്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, സാഹസിക വിനോദങ്ങൾ എന്നിവയൊക്കെ ഇവിടെ കാണാൻ സാധിക്കും.
വാഴ്‌സോ, ക്രാക്കോ, സകോപെയ്ൻ, ഗാൻസ്‌ക് എന്നീ നഗരങ്ങളാണ് പോളണ്ടിൽ ഏറ്റവും പ്രാധാന്യമേറിയവ. നഗരത്തിരക്കുകൾ ആസ്വദിക്കണമെന്നുള്ളവർക്കു ആ കാഴ്ചകളും പ്രകൃതിയും കടലും ചരിത്രപ്രാധാന്യമുള്ള ദേവാലയങ്ങളും സന്ദർശിക്കണമെന്നുള്ളവർക്ക് അത്തരം ഉപാധികളും സാഹസികവും ഹരം പകരുന്നതുമായ വിനോദങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നവർക്കു അത്തരം കാഴ്ചകളും ഈ നഗരം ഉറപ്പു നൽകുന്നു.
പോളണ്ടിന്റെ തലസ്ഥാന നഗരമാണ് വാഴ്‌സോ. ആധുനികതയുടെ മേലങ്കിയണിഞ്ഞാണെങ്കിലും ഈ നഗരത്തിനു പൗരാണികമായ മറ്റൊരു മുഖം കൂടിയുണ്ട്. റോയൽ കാസിൽ, വാഴ്‌സോ മ്യൂസിയം, വിലനൗ കൊട്ടാരം തുടങ്ങിയവ നഗരത്തിന്റെ പഴയ പ്രൗഢിയുമായി സന്ദർശകരെ വഴിനടത്തും. ഈ കാഴ്ചകൾ മാത്രമല്ലാതെ, ആധുനിക വസ്തുവിദ്യയുടെ നിരവധി ഉദാഹരണങ്ങളും വാഴ്‌സോ നഗരത്തിലെത്തിയാൽ ആസ്വദിക്കാം.
മധ്യകാലഘട്ടത്തിന്റെ പ്രൗഡിയുമായി അതിഥികളെ വരവേൽക്കുന്ന നഗരമാണ് ക്രാക്കോ. പോളണ്ടിലെ ഏറ്റവും വലുപ്പമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനവും ഈ നഗരത്തിനു അവകാശപ്പെട്ടതാണ്. ഗോഥിക് ശൈലിയിൽ പണിതീർത്തിരിക്കുന്ന സെന്റ് മേരീസ് ബസിലിക്ക, ആശ്ചര്യം നിറയ്ക്കുന്ന വാസ്തുവിദ്യയാൽ സമ്പന്നമായ മാർക്കറ്റ് സ്‌ക്വയർ, പോളണ്ടിന്റെ ചരിത്രം പറയുന്ന സ്മാരകങ്ങൾ കുടികൊള്ളുന്ന വേവൽ കാസ്റ്റിലും ദേവാലയവും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുള്ള വിലീസ്ക ഉപ്പ് ഖനിയും കൂടാതെ, രാജ്യത്തിൻറെ സംസ്കാരത്തിന്റെ ഉത്തമോദാഹരണ നഗരമായ കാസീമെഴ്സും ഈ നഗരത്തിലെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യും. ജൂത സിനഗോഗുകളാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച. അതിനൊപ്പം തന്നെ വളരെ വ്യത്യസ്തമായ മറ്റൊരു നഗര മുഖവും വ്യത്യസ്തമായ കഫേകളുമൊക്കെ ക്രാക്കോ നഗരത്തിലുണ്ട്.
ബാൾട്ടിക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പഴയ പട്ടണമാണ് ഗാൻസ്‌ക്. വർണങ്ങൾ നിറഞ്ഞ നഗരമെന്നാണ് ഗാൻസ്‌ക് സന്ദർശകർക്കിടയിൽ അറിയപ്പെടുന്നത്. മോട്ലാവ നദിയുടെ തീരത്താണ് വിവിധ നിറങ്ങളിലുള്ള നിർമിതികൾ നിറഞ്ഞ നഗരം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്രിക് ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രലും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകളുമായി നില നിൽക്കുന്ന മ്യൂസിയവും ഇവിടെത്തിയാൽ കാണാം. പൗരാണിക നിർമിതികളും അവയുടെ അതിരുകളായ തെരുവുകളും വർഷങ്ങൾ പുറകിലേക്ക് നയിക്കും. യൂറോപ്യൻ സോളിഡാരിറ്റി സെന്റർ, സെന്റ് കാതറീൻ ചർച്ച്, ആർട്സ് കോർട്ട് എന്നിവയും ഗാൻസ്‌ക് നഗരത്തിലെത്തുന്നവർക്ക് വേറിട്ട കാഴ്ചകളാകും.
പുരാതന നിർമിതികളാണ് റോക്ലോവിലെ പ്രധാനാകർഷണം. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട് ഈ നഗരത്തിന്. പോളണ്ടിന്റെ പ്രൗഢി വിളിച്ചോതുന്ന ചരിത്ര സ്മാരകങ്ങളെല്ലാം ഈ നഗരത്തിൽ കാണാം. ഗോഥിക്, ബറോഖ് ശൈലിയിലുള്ള പൗരാണികത പേറുന്ന നിർമിതികൾ. റോക്ലോ ഒപേറ ഹൗസ്, മോണോപോൾ ഹോട്ടൽ, യൂണിവേഴ്സിറ്റി ലൈബ്രറി, ഓസോലിനം, ദേശീയ മ്യൂസിയം എന്നിങ്ങനെ നിരവധി കാഴ്ചകളാണ് ഈ നഗരത്തിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. പോളണ്ടിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയമായ റോക്ലോ കത്തീഡ്രൽ പത്താം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ പുതുക്കി പണിതാണ് ഇന്ന് കാണുന്ന പ്രൗഢിയിലെത്തിയത്. ഇതുകൂടാതെ അഞ്ചോളം മറ്റു പള്ളികൾ ഈ നഗരത്തിലുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന പ്രധാന മാർക്കറ്റ് സ്‌ക്വയർ നഗരത്തിലെ എടുത്തു പറയേണ്ടേ മറ്റൊരു കാഴ്ചയാണ്. മൾട്ടീമീഡിയ ഫൗണ്ടൈൻ, ഷിനിയ്ക്കി പാർക്ക് അവിടെ കാണുവാൻ കഴിയുന്ന ജാപ്പനീസ് ഗാർഡൻ, ദിനോസർ പാർക്ക്, 1811 ൽ സ്ഥാപിക്കപ്പെട്ട ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങി ധാരാളം കാഴ്ചകൾ ഈ നഗരത്തിലെത്തുന്ന അതിഥികളെ കാത്തിരിക്കുന്നു. രാജ്യത്തിലെ പൗരാണിക കലാസൃഷ്ടികളെല്ലാം കാണണമെങ്കിൽ നഗരത്തിലെ ദേശീയ മ്യൂസിയം സന്ദർശിച്ചാൽ മതിയാകും. കൂടാതെ, രണ്ടാം ലോക യുദ്ധത്തിന്റെ ശേഷിപ്പുകളും ഇവിടെയുണ്ട്.